ഡോക്ടർ വന്ദന ദാസ് കൊലപാതകം: പ്രതി സന്ദീപ് കുറ്റക്കാരൻ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞെന്നും കോടതി കണ്ടെത്തി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പ്രതിക്കുള്ള ശിക്ഷ മറ്റന്നാൾ പ്രസ്താവിക്കും. പ്രതിക്കെതിരെ ചുമത്തിയിരുന്ന കൊലപാതകം, വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊതുജനസേവകനെ ആക്രമിക്കൽ, വധഭീഷണി മുഴക്കൽ, പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി പ്രസ്താവിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്നായിരുന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടിയത്. എന്നാൽ പ്രതിഭാഗം ഹാജരാക്കിയ സാക്ഷികളിലൂടെ തന്നെ പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. മാനസിക വൈകല്യം ഇല്ലെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. കേസിൽ എഴുപതിലധികം സാക്ഷികളെയാണ് കോടതിയിൽ വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി. കുടവട്ടൂർ സ്വദേശി സന്ദീപ് ആണ് കേസിലെ ഏക പ്രതി. 2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ വന്ദനാദാസിനെ പ്രതി സന്ദീപ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. മൂന്ന് വർഷം നീണ്ട കോടതി നടപടികൾക്ക് ഒടുവിലാണ് വിധി.