കോതമംഗലത്ത് രാസലഹരിയുമായി 18കാരിയും യുവാവും പിടിയിൽ

കൊച്ചി: രാസലഹരിയുമായി കോതമംഗലത്ത് യുവാവിനെയും യുവതിയെയും പിടികൂടി. ഇടുക്കി പീരുമേട് ഏലപ്പാറ ഒറ്റപ്ലായ്ക്കൽ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ പൂത്തോളിൽ അനന്തുപ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 37.229 ഗ്രാം എംഡിഎംഎ. കണ്ടെടുത്തു. മയക്കുമരുന്ന് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. കോതമംഗലത്തെ ലോഡ്ജിൽ നിന്നാണ് ഇവർ പിടിയിലാകുന്നത്. കോതമംഗലത്തെയും പരിസരത്തെയും വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾക്കിടയിൽ രാസലഹരി വിൽപ്പന നടത്തിവന്നിരുന്ന പ്രതികൾ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

ബംഗളൂരുവിൽനിന്ന് ബസിൽ എംഡിഎംഎയുമായി പെരുമ്പാവൂർ എത്തിയ റിസാന അനന്തുവിന്റെ ബൈക്കിൽ കോതമംഗലത്തേക്ക് തിരിച്ചു. കോഴിപ്പിള്ളിയിലെ ലോഡ്ജിൽനിന്നാണ് മയക്കുമരുന്നുമായി ഇവരെ പിടികൂടിയത്. ഇടുക്കി സ്വദേശിനിയായ റിസാന കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണൽ കോളജിൽ പഠനത്തിന് എത്തിയതാണ്. അടുത്തിടെ പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു. ഉദ്ദേശം രണ്ടുലക്ഷത്തിലധികം രൂപ വിലവരുന്ന രാസലഹരിയാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു.