കൊച്ചി: പ്രേമം സിനിമയിൽ ശ്രദ്ധിക്കപ്പെെട്ട പാലം ടൂറിസം കേന്ദ്രമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മന്ത്രി പി രാജീവാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. നാട്ടുകാർക്ക് വൈകുന്നേരങ്ങളിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള പാർക്കും പാലത്തിന് സമീപം ചെറിയ സംരഭങ്ങളാരംഭിച്ച് വരുമാന മാർഗമുണ്ടാക്കാനുള്ള സഹചര്യവും ഇതിലൂടെ ഉണ്ടാകുമെന്നും മന്ത്രി പറയുന്നു. പെരിയാർവാലി അക്വാടെക് നവീകരണത്തിന് ബജറ്റ് ഫണ്ടിൽ നിന്ന് ഒന്നരക്കോടി രൂപ അനുവദിച്ചുകൊണ്ടുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. കളമശ്ശേരി എംഎൽഎ പി രാജീവാണ് പദ്ധതിക്ക് മുൻകൈ എടുക്കുന്നത്. ഈ തുക ഉപയോഗിച്ച് പാലത്തിന്റെ കൈവരികൾ, അറ്റകുറ്റപ്പണികൾ നടത്തി പെയിന്റടിച്ച് വൃത്തിയാക്കും.

ടൈൽ വിരിച്ച് വഴിവിളക്കുകളും സ്ഥാപിക്കും. വ്യൂ പോയിന്റുകൾ, സെൽഫി പോയിന്റുകൾ എന്നിവ തയ്യാറാക്കും. പാലത്തിന് താഴെ പാർക്ക് ഒരുക്കും. ആലുവയിൽ സ്ഥിതി ചെയ്യുന്ന ഈ പാലത്തിന്റെ പേര് നീർപ്പാലമെന്നാണ്. സിനിമ ഹിറ്റായതോടെ ഈ പാലത്തിൽ കമിതാക്കൾ ധാരാളമായി എത്തിത്തുടങ്ങി. ഇതോടെ പാലത്തിന് പ്രേമം പാലം എന്ന പേരും വന്നു. പിന്നീട് സാമൂഹിക വിരുദ്ധരുടേയും ലഹരിമരുന്ന് വിൽപ്പനക്കാരുടേയും ശല്യം വർധിച്ചതിനാൽ ജലസേചന വകുപ്പ് പാലം അടച്ചു പൂട്ടുകയും ചെയ്തിരുന്നു.


ഭൂതത്താൻ കെട്ടിൽ നിന്ന് ആലുവയിൽ എത്തുന്ന പെരിയാർവാലി കനാൽ വെള്ളം പറവൂരിലേയ്ക്ക് കൊണ്ടുപോകാൻ 45 വർഷം മുമ്പ് നിർമിച്ചതാണ് ഈ നീർപ്പാലം. കടുങ്ങല്ലൂർ പഞ്ചായത്തിലെ ഉളിയന്നൂരിൽ നിന്നാരംഭിച്ച് യുസി കോളജിന് സമീപം അവസാനിക്കുന്ന പാലത്തിന് 4 കിലോമീറ്റർ നീളമുണ്ട്. പ്രേമം സിനിമ ഇറങ്ങുന്നതുവരെ നാട്ടുകാർക്ക് മാത്രമേ ഈ പാലത്തെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. അതിന് ശേഷം പുറത്തു നിന്നുള്ളവരും വന്നു തുടങ്ങി. അതോടെ പ്രേമപ്പാലം എന്നായി പേര്.























