കൊല്ലം: നടനും സംവിധായകനും നാടക നടനുമായിരുന്ന ഇഎ രാജേന്ദ്രൻ അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവൻ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു. അറുപതോളം ചലച്ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങൾക്ക് പുറമേ ടെലിവിഷൻ പരമ്പരകളിലെ പ്രധാന വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.

സംസ്ഥാന ഹോർട്ടികൾച്ചർ കോർപറേഷൻ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ തൃത്തല്ലൂരിൽ അയ്യപ്പന്റെയും സുമതിയുടെയും മകനായി ജനിച്ചു. തൃത്തല്ലൂർ യുപി സ്കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ നാടകരംഗത്ത് സജീവമായിരുന്നു. കലാലയപഠനത്തിനു ശേഷം ഡൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്ന രാജേന്ദ്രൻ, ഒന്നാം റാങ്കോടെ ബിരുദം നേടി. ഇതിനു ശേഷം പൂനെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെലിവിഷൻ കോഴ്സും പഠിച്ചിട്ടുണ്ട്. പൂനെയിലെ പഠനശേഷം നാട്ടിലെത്തിയപ്പോഴാണ് ഒ. മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ രാജേന്ദ്രൻ പരിചയപ്പെടുന്നതും, ഇരുവരും വിവാഹിതരാകുന്നതും. വിവാഹശേഷം കൊല്ലത്തെത്തിയ രാജേന്ദ്രൻ ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം നാടകസമിതിയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി.


സംസ്കാരം നാളെ ജന്മസ്ഥലമായ തൃശൂർ തൃത്തല്ലൂരിൽ നടക്കും. മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് ഉടൻ എത്തിക്കും























