യു. പ്രതിഭയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമർശം; തിരഞ്ഞെടുപ്പ് കമ്മീഷണിലും പൊലീസിലും പരാതി നൽകും

കായംകുളം എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ശക്തമായ നിയമനടപടിക്കൊരുങ്ങി എൽഡിഎഫ്. തിരഞ്ഞെടുപ്പ് കമ്മീഷണിലും പൊലീസിലും ഇന്ന് പരാതി നൽകും. യുഡിഎഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശേരി സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കാട്ടിയാണ് പരാതി. തിരഞ്ഞെടുപ്പ് കമ്മീഷനും, വരണാധികാരിക്കും എൽഡിഎഫ് പരാതി കൈമാറും. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാതയുടെ നേതൃത്വത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ കായംകുളത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

തിരഞ്ഞെടുപ്പിൽ വിഷയം പ്രചാരണായുധമാക്കാനാണ് എൽഡിഎഫ് നീക്കം. വിവാദങ്ങൾക്ക് പിന്നാലെ മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് മണ്ഡലം പ്രസിഡന്റ് എ ഇർഷാദിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇർഷാദിനെതിരെ സ്വീകരിച്ച നടപടി ഉയർത്തി കാട്ടിയാണ് യുഡിഎഫിന്റെ പ്രതിരോധം. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ആയിരുന്നു മുസ്ലിം ലീഗ് നേതാവും കായംകുളം യുഡിഎഫ് കൺവീനറുമായ എ ഇർഷാദിന്റെ സ്ത്രീവിരുദ്ധ പരാമർശം. സിറ്റിംഗ് എംഎൽഎയായ പ്രതിഭയുടെ മണ്ഡലത്തിലെ പ്രവർത്തനങ്ങളെ വിമർശിക്കുന്നതിനിടെയാണ് അധിക്ഷേപകരമായ പ്രസ്താവന. സംഭവം വിവാദമായതോടെ പ്രതിഷേധവുമായി എൽഡിഎഫ് രംഗത്തെത്തി. പ്രസ്താവന ഒരാളെ മാത്രം ലക്ഷ്യമിട്ടു കൊണ്ടല്ലെന്നും പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

വിഷയത്തിൽ ഇർഷാദ് ഖേദം പ്രകടിപ്പിച്ചിരുന്നു. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും നീണ്ട പ്രസംഗത്തിൽ നിന്നും അടർത്തിയെടുത്ത് പ്രചരിപ്പിച്ചതാണെന്നും ഇർഷാദ് പറഞ്ഞു. പരാമർശത്തെ ഒരിക്കലും പിന്തുണക്കില്ലെന്നും നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നും എതിർ സ്ഥാനാർഥി എം ലിജുവും വ്യക്തമാക്കി. എന്നാൽ, മാപ്പ് ഒരിക്കലും അംഗീകരിക്കാൻ ആവില്ല എന്നും വ്യക്തിപരമായ അധിക്ഷേപം വലിയ വേദന ഉണ്ടാക്കിയെന്നും വികാരാധീനയായി യു പ്രതിഭ പ്രതികരിച്ചു.