പന്തളം : പന്തളം കൈപ്പുഴ സ്വദേശിയായ പ്രവാസിയുടെ വീട് കൊള്ളയടിച്ച് അമ്പത്തി ഒന്നര പവൻ സ്വർണം കവർച്ച ചെയ്തകേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ മുഖ്യ പ്രതികളിലൊരാളായ തെങ്കാശി കടയനല്ലൂർ സ്വദേശി “സബ് ജയിൽ രാജ” എന്ന് അറിയപ്പെടുന്ന മരുതരരാജ് (28) എന്നയാളാണ് പന്തളം പോലീസിന്റെ പിടിയിലായത്.

ഒരു കൊലപാതക കേസും, 6 വധശ്രമ കേസുകളും, നിരവധി കവർച്ച കേസുകളുമടക്കം അൻപതോളം കേസുകളിലെ പ്രതിയാണ് ഇയാൾ. തമിഴ്നാട്ടിൽ അടക്കം നിരവധി പോലീസ് സ്റ്റേഷനിലുകളിലെ പിടികിട്ടാപ്പുള്ളിയായ കൊടുംക്രിമിനൽ ആണ് സബ്ജയിൽ രാജ. തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ നിന്നും അതിസാഹസികമായാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസിന്റെ മേൽനോട്ടത്തിൽ
പന്തളം എസ് എച്ച് ഒ സജീഷ് കുമാർ, സബ് ഇൻസ്പെക്ടർ യു.വി വിഷ്ണു, പോലീസ് ഉദ്യോഗസ്ഥരായ എസ് അൻവർഷ ,ആർ രഞ്ജിത്ത്, നിയാസ്, ബി അരുൺ,സിജു എന്നിവർ ചേർന്നാണ് സാഹസികമായി പ്രതിയെ അറസ്റ്റ് ചെയ്തത്. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ കേസിൽ ഇനി രണ്ടുപേരെ കൂടി പിടികൂടാൻ ഉണ്ട്. അവർ ഉടനടി കസ്റ്റഡിയിൽ ആകുമെന്നും അന്വേഷണസംഘം അറിയിച്ചു.

























