‘എന്തോ പന്തികേടുള്ളതുപോലെ, ഇത്രയും ദിവസം ശരണ്യ കാട്ടിൽ കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്നു’; കുറിപ്പ് വൈറൽ

കോഴിക്കോട്: എങ്ങോട്ട് നടന്നാലും 10 -12 കിലോമീറ്റർ നടന്നാൽ പുറത്ത് കടക്കാൻ പറ്റുന്ന വനമേഖലയിൽ ശരണ്യ നാല് ദിവസം അകപ്പെട്ടത് അമ്പരപ്പിക്കുന്നതാണെന്ന് ഗവേഷകനും ശാസ്ത്ര എഴുത്തുകാരനുമായ വിജയകുമാർ ബ്ലാത്തൂറിന്റെ കുറിപ്പ്. തടിയന്റെമോൾ എന്ന പീക്ക് -24ൽ വഴി തെറ്റാനുണ്ടായ കാരണം എന്താണെന്ന് ഇനിയും മനസിലായിട്ടില്ലെന്നും വിജയകുമാർ ബ്ലാത്തൂർ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിജയകുമാർ ഇക്കാര്യം പറയുന്നത്. ശരണ്യ സുരക്ഷിതയായി ഇരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. എങ്കിലും ഇത്രയും മൃഗങ്ങൾ ഉള്ള ഇടത്ത് 4 ദിവസം കാട്ടിൽ അവർ കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്ന കാര്യമാണെന്നും വിശ്വസിക്കാൻ അൽപ്പം പ്രയാസം ഉണ്ടെന്നും വിജയകുമാർ പറയുന്നു. പുൽമേടിൽ എത്തിയാൽ അവരെ അന്വേഷിക്കുന്നവരെ കാണാൻ അത്ര പ്രയാസമുള്ളതല്ല. ഒരു രാത്രി കാട്ടിൽ കുടുങ്ങുന്നത് മനസിലാക്കാം. എങ്ങോട്ട് നടന്നാലും 10 -12 കിലോമീറ്റർ നടന്നാൽ പുറത്ത് കടക്കാൻ പറ്റുന്നത്രയേ ഉള്ളൂ അവിടം, എന്താണ് സംഭവിച്ചത് എന്ന് ശരണ്യ പറയുന്നത് വരെ കാത്തിരിക്കാം. എന്തായാലും അവരെ കണ്ടെത്താൻ ഇത്രയും താമസിച്ചത് കർണാടകയായതിനാൽ മാത്രമാകും. അല്ലാതെ അത്ര വലിയ ഏരിയ ഒന്നും ഇല്ല അവിടെ കൊടും കാടായി. അല്ലെങ്കിൽ മൂന്നു ദിവസം കാട്ടിൽ എന്നതിൽ എന്തോ ഒരു പന്തികേട് പോലെ. ഇത്രയും ആരോഗ്യത്തിലുള്ള അവർക്ക് അവിടെ നിന്ന് വഴി കണ്ടെത്താൻ ഇത്ര ദിവസം വേണ്ടെന്നും വിജയകുമാർ പറയുന്നു.

കുറിപ്പിന് താഴെ തടിയന്റെമോൾ ട്രക്കിങ് ചെയ്തവരുടെ അനുഭവങ്ങൾ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. നിബിഢ വനമല്ലെന്നും പുൽമേടുകളാണെന്നുമാണ് പലരും കുറിച്ചിരിക്കുന്നത്. നാല് ദിവസം വെള്ളം മാത്രം കുടിച്ച ഒരാളുടെ ആരോഗ്യ നിലയെക്കുറിച്ചും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. ഇനിയങ്ങോട്ട് പലരും ഈ സ്ഥലം ട്രക്കിങിന് തെരഞ്ഞെടുത്തേക്കുമെന്ന് പറയുന്നവരുമുണ്ട്.