കണ്ണൂർ: എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തെ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരെന്ന നിലയിൽ ഇത്തരമൊരു കണക്ക് മുന്നോട്ട് വെക്കുന്നത് ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് മുന്നിൽ കണക്കുകൾ പറയുകയാണ്. പ്രോഗ്രസ് റിപ്പോർട്ട് എൽഡിഎഫ് എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. ഈ അഞ്ച് വർഷത്തെ പ്രവർത്തന പുരോഗതിയാണ് ഉൾപ്പെടുത്തിയത് – മുഖ്യമന്ത്രി പറഞ്ഞു. 2021ൽ 900 വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ചിരുന്നത്. അതിൽ 97 ശതമാനവും നടപ്പാക്കപ്പെട്ടിട്ടുണ്ട്. അതായത് ഒന്നുകിൽ പൂർണമായും പൂർത്തിയാക്കിയിട്ടുണ്ട്, അല്ലെങ്കിൽ പൂർത്തിയാകുന്നതിന്റെ അടുത്തെത്തിയിട്ടുണ്ട് – മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം വീടുകൾ പൂർത്തീകരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാധാരണക്കാരന്റെ സ്വപ്നമാണ് ഭൂമിയും വീടും. ഇത് യാഥാർഥ്യമാക്കാനാണ് ലൈഫ് പദ്ധതി 2016ലെ സർക്കാർ കൊണ്ടുവന്നത്. അതിന്റെ ഭാഗമായി അഞ്ച് ലക്ഷം വീടുകൾ പൂർത്തിയായി. ഒരു വീട്ടിൽ ശരാശരി നാല് ആളുകളെയെടുത്താൽ 20 ലക്ഷം ആളുകൾക്ക് സുരക്ഷിതമായ ഭവനമൊരുക്കാൻ കഴിഞ്ഞു. ലൈഫ് മിഷന് പുറമേ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായ താമസമുറപ്പിക്കാൻ പുനർഗേഹം പദ്ധതി നടപ്പിലാക്കി. അതിന്റെ ഭാഗമായി 2782 വീടുകൾ 738 ഫ്ളാറ്റുകളും കൈമാറിയിട്ടുണ്ട്. 10 വർഷത്തിനകം 4,56689 കുടുംബങ്ങൾക്ക് പട്ടയം നൽകാനായി – അദ്ദേഹം പറഞ്ഞു.


ഇടുക്കിയിൽ വലിയ തോതിലുള്ള ഭൂപ്രശ്നങ്ങൾ ഉണ്ട്. ആ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരമുണ്ടാക്കാനായി. നിയമ ഭേദഗതിയും ചട്ടങ്ങളും കൊണ്ടുവന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം അതിദാരിദ്ര്യ മുക്തമായതും നേട്ടമായി മുഖ്യമന്ത്രി എടുത്തു പറഞ്ഞു. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ നമുക്ക് കഴിഞ്ഞു. ലോകത്ത് തന്നെ അപൂർവം രാഷ്ട്രങ്ങളെ അതി ദാരിദ്ര്യ മുക്തമായിട്ടുള്ളു. നമ്മുടെ രാജ്യത്ത് ഒരു സംസ്ഥാനവും അതിദാരിദ്ര്യമുക്തമാക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല – അദ്ദേഹം പറഞ്ഞു.
ഏക കിടപ്പാടം സംരക്ഷണ നിയമം കൊണ്ടുവന്നതിനെ കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ ഒരു ലോണെടുത്താൽ അതിന്റെ ഭാഗമായി ജപ്തി വരികയാണ്. ഉള്ള കിടപ്പാടം നഷ്ടപ്പെടുകയാണ്. ഇതൊരു വലിയ സാമൂഹ്യ പ്രശ്നമായി ഉയർന്നു വന്നിരുന്നു. എൽഡിഎഫ് നേരത്തേ തന്നെ ഇക്കാര്യത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ തുടർച്ചയായാണ് ഏക കിടപ്പാടം സംരക്ഷണ നിയമം കൊണ്ടുവരാൻ കഴിഞ്ഞത്.
വീട്ടമ്മമാരു അധ്വാനത്തിന് അംഗീകാരം നൽകണമെന്ന് കണ്ടിരുന്നു. പ്രതിമാസം അവർക്ക് ആയിരം രൂപ നൽകുന്ന പദ്ധതി ആവിഷ്കരിച്ചു. 16 ലക്ഷത്തിലധികം സ്ത്രീകൾക്കാണിപ്പോൾ ആനുകൂല്യം നൽകുന്നത്. അതിനിയും വർധിക്കും – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.























