ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് ഇടക്കാല ജാമ്യമില്ല

കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ഇടക്കാല ജാമ്യമില്ല. ക്രിമിനല്‍ കേസിൽ അറസ്റ്റിലായവർക്ക് വോട്ടു ചെയ്യാൻ ജാമ്യം അനുവദിക്കുന്നതിനു വകുപ്പില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കി വിധി വെള്ളിയാഴ്ച പറയാൻ മാറ്റി. എറണാകുളം ഫസ്റ്റ് ക്ലാസ് ജു‍ഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.

യുവനടി നൽകിയ പരാതിയിൽ അറസ്റ്റിലായതിനെ തുടർന്ന് ഈ മാസം ഒന്നു മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് രഞ്ജിത്. രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയുമാണ് കോടതി മുമ്പാകെയുള്ളത്. ഇന്ന് രാവിലെ കേസ് പരിഗണിച്ചപ്പോൾ കസ്റ്റഡി അപേക്ഷ നൽകിയെങ്കിലും രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട തിരക്ക് ഉള്ളതിനാൽ രഞ്ജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. നാളെ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ പിറ്റേന്ന് (ഏപ്രിൽ 10ന്) ഹാജരാക്കാമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ഈ സാഹചര്യത്തിലാണ് അങ്ങനെയെങ്കിൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഇടക്കാല ജാമ്യം അനുവദിച്ചാൽ രഞ്ജിത്തിനു വോട്ടു ചെയ്യാൻ സാധിക്കുമെന്നും അഭിഭാഷകൻ അറിയിച്ചിരുന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ ആരോഗ്യസ്ഥിതിയും മോശമാണ്. ഈ സാഹചര്യത്തിൽ ഇടക്കാല ജാമ്യം അനുവദിച്ചാൽ അതുകഴിഞ്ഞ് തിരിച്ചുവരാമെന്നും രഞ്ജിത്ത് അറിയിച്ചു. തുടർന്ന് ഉച്ചകഴിഞ്ഞ് കേസ് പരിഗണിക്കാൻ മാറ്റുകയായിരുന്നു. ഉച്ചകഴിഞ്ഞ് കേസ് പരിഗണിച്ചപ്പോൾ ഇടക്കാല ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. ഇതോടെയാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 10ലേക്ക് മാറ്റിയത്. ജനുവരി 30ന് ഷൂട്ടിങ് സെറ്റിലെ കാരവാനിൽ വച്ച് രഞ്ജിത്ത് അപമര്യാദയായി പെരുമാറി എന്ന യുവനടിയുടെ പരാതിയിൽ മാർച്ച് 31ന് രഞ്ജിത്ത് അറസ്റ്റിലാവുകയായിരുന്നു.