പാലക്കാട് എലിവിഷം ഉള്ളിൽചെന്ന് യുവതിയുടെ മരണം; ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: ആലത്തൂരിൽ എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഗാർഹിക പീഡന കുറ്റം ചുമത്തിയാണ് ഇരട്ടക്കുളം നെല്ലിയാംകുന്നം എടത്തിൽ ഉന്നതി അബ്ദുൽ റഹ്മാനെ (29) അറസ്റ്റ് ചെയ്തത്. അബ്ദുൽ റഹ്മാന്റെ ഭാര്യ പ്ലസ്ടു വിദ്യാർഥിനിയായ അസ്‌ന (20) ഈ മാസം 7ന് ആണ് മരിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ 20ന് ആയിരുന്നു ഇവരുടെ വിവാഹം. മാർച്ച് 27ന് ആണ് ഭർതൃഗൃഹത്തിൽ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ അസ്‌നയെ കണ്ടെത്തിയത്. തുടർന്ന് ആലത്തൂർ, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഈ മാസം 7ന് മരണം സംഭവിച്ചു.

സ്‌കൂളിൽ പോകുന്നതിനു മുൻപ് വീട്ടുജോലി ചെയ്യിപ്പിക്കുന്നത് പഠിത്തത്തെ ബാധിക്കുന്നതിൽ പെൺകുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭർതൃഗൃഹത്തിൽ മാനസിക പ്രയാസങ്ങൾ ഉണ്ടായിരുന്നതായി കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. അസ്‌നയുടെ മരണമൊഴി പ്രകാരം ആദ്യം അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് ആലത്തൂർ ഡിവൈഎസ്പി എ ജെ ജോൺസന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് അബ്ദുൽ റഹ്മാനെ അറസ്റ്റ് ചെയതത്. ആലത്തൂർ കോടതി ഇയാളെ റിമാൻഡ് ചെയ്തു.