ആനക്കൊമ്പുകളുടെ വിവരങ്ങൾ വനംവകുപ്പിന് കൈമാറി മോഹൻലാൽ

ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ട് നടൻ മോഹൻലാൽ തന്റെ കൈവശമുള്ള ആനക്കൊമ്പുകളുടെ വിവരങ്ങൾ വനംവകുപ്പിന് ഔദ്യോഗികമായി കൈമാറി. ഏറെ നാളായി തുടരുന്ന ഈ നിയമപ്രശ്നത്തിൽ പരിഹാരം കാണുന്നതിന്റെ ഭാഗമായി വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ ഡിക്ലറേഷൻ നടപടിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. വനംവകുപ്പ് ഉദ്യോഗസ്ഥർ മോഹൻലാലിന്റെ വീട്ടിലെത്തിയാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിച്ചത്.

തന്റെ കൈവശമുള്ള രണ്ട് ജോഡി ആനക്കൊമ്പുകളെക്കുറിച്ചും ആനക്കൊമ്പിൽ തീർത്ത 13 കരകൗശല വസ്തുക്കളെക്കുറിച്ചുമുള്ള വിവരങ്ങളാണ് മോഹൻലാൽ കൈമാറിയത്. കൊച്ചിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി വനംവകുപ്പ് തയ്യാറാക്കിയ ഈ വിവരങ്ങൾ അടങ്ങിയ ഇൻവെന്ററി റിപ്പോർട്ട് ഇനി തുടർനടപടികൾക്കായി മേലുദ്യോഗസ്ഥർക്ക് സമർപ്പിക്കും. ഈ വസ്തുക്കൾ എങ്ങനെ കൈവശം വന്നു എന്നത് സംബന്ധിച്ച വിശദീകരണങ്ങളും അദ്ദേഹം അധികൃതർക്ക് നൽകിയിട്ടുണ്ട്.

വർഷങ്ങൾക്ക് മുമ്പ് മോഹൻലാലിന്റെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ ആനക്കൊമ്പുകൾ കണ്ടെത്തിയത്. അന്ന് വനംവകുപ്പ് ഇവ കസ്റ്റഡിയിലെടുക്കുകയും ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കങ്ങൾ ഉടലെടുക്കുകയും ചെയ്തു. പിന്നീട് മോഹൻലാലിന് ഉടമസ്ഥാവകാശം ലഭിച്ചെങ്കിലും, കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ ഹൈക്കോടതി ആ ഉടമസ്ഥാവകാശം റദ്ദാക്കുകയായിരുന്നു.