വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം

കൊച്ചി: വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അമ്മയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അയ്യപ്പൻകാവ് സ്വദേശിയായ അഭിജിത്ത് പ്രസാദിനെ കഴിഞ്ഞ ദിവസമാണ് വല്ല്യച്ഛനെ കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റ് ചെയ്തത്. പിന്നാലെയാണ് അമ്മയെ തല്ലുന്ന വിഡിയോ പുറത്ത് വരുന്നത്. കഴിഞ്ഞ മാസം 21നുള്ള ദൃശ്യങ്ങളാണിത്. മർദ്ദനത്തിൽ പരുക്കേറ്റ അമ്മയും അച്ഛനും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ പരാതി നൽകിയെങ്കിലും നടപടി വൈകിയെന്ന് ആരോപണമുണ്ട്. പെൺസുഹൃത്തുമായുള്ള വിവാഹം എതിർത്തതാണ് മർദ്ദനത്തിന് കാരണമായി പറയുന്നത്.

എറണാകുളം പച്ചാളത്ത് ട്രാവൽ ഏജൻസി നടത്തി വരികയാണ് അഭിജിത്ത്. വിവാഹമോചിതയും, ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതിയുമായി അഭിജിത് പ്രണയത്തിലാണ്. എന്നാൽ ഈ വിവാഹത്തെ കുടുംബം എതിർത്തതാണ് ക്രൂരതയ്ക്ക് കാരണമായതെന്നാണ് നിഗമനം. വിവാഹത്തോടുള്ള എതിർപ്പിന്റെ മുഖ്യകാരണക്കാരൻ വല്ല്യച്ഛനാണെന്ന അനുമാനത്തിലാണ് അഭിജിത്ത് കൊലപാതകത്തിന് ശ്രമിച്ചത്.

ഇന്നലെ രാവിലെ അയ്യപ്പൻകാവ്-ചിറ്റൂർ റോഡിൽ വച്ച് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വല്ല്യച്ഛൻ സത്യപാലനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാൻ ഇതേ കാറിൽ തന്നെ അഭിജിത് സത്യപാലനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ ബന്ധുക്കൾക്ക് തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഭിജിത്ത് മനപ്പൂർവ്വം കാറിടിച്ച് കൊല്ലാൻ ശ്രമിച്ചതാണെന്ന് ബോധ്യപ്പെടുന്നത്. അഭിജിത് സത്യപാലന്റെ വരവും കാത്ത് കാറിൽ ഇരിക്കുന്നതിന്റേയും സ്‌കൂട്ടറിൽ ഇടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.