ന്യൂഡൽഹി: ഭരണഘടനാപരമായ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകൾ നടത്തുന്നു എന്നും ആരോപിച്ച് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ച് സാമൂഹികപ്രവർത്തകർ. രൂപ് രേഖ വർമ്മ, മുൻ ലഫ്റ്റനന്റ് ഗവർണർ നജീബ് ജംഗ്, ജോൺ ദയാൽ തുടങ്ങി 12 സാമൂഹ്യ പ്രവർത്തകരാണ് ഈ ഹർജി സമർപ്പിച്ചിരിക്കുന്നത്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, മറ്റ് മുതിർന്ന മന്ത്രിമാർ, ഗവർണർമാർ എന്നിവരുടെ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഉയർന്ന സ്ഥാനങ്ങളിലിരിക്കുന്നവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം ലംഘിക്കുന്നതിനുള്ള തെളിവുകളായാണ് അവർ ഈ സംഭവങ്ങളെ ഹർജിയിൽ ഉയർത്തിക്കാട്ടുന്നത്.


വിഷയത്തിൽ കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് ഇവരുടെ ആവശ്യം. ഹർജിയിൽ, മുസ്ലിം സമൂഹത്തെ ലക്ഷ്യമിട്ട് ആവർത്തിച്ചുള്ള പ്രസ്താവനകളെക്കുറിച്ച് ഹർജിയിൽ പരാമർശിക്കുന്നുണ്ട്. ഇത്തരം പരാമർശങ്ങൾ ഭരണഘടനാപരമായ മൂല്യങ്ങളെയും ഔദ്യോഗിക പദവികളുമായി ബന്ധപ്പെട്ട കടമകളെയും ദുർബലപ്പെടുത്തുന്നു എന്നും അവർ വാദിക്കുന്നു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ഒരു ഷൂട്ടിങ് ക്ലബ്ബിൽ മുസ്ലിം വേഷധാരികളുടെ ചിത്രത്തിന് നേരെ നിറയൊഴിക്കാൻ ഒരുങ്ങുന്നതായുള്ള വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ‘പോയിന്റ് ബ്ലാങ്ക് ഷോട്ട്’ എന്ന തലക്കെട്ടോടെ ബിജെപിയുടെ സാമൂഹികമാധ്യമ ഹാൻഡിലുകൾ ഈ വീഡിയോ പങ്കുവെക്കുകയും ചെയ്തു. എന്നാൽ വിഷയം വിവാദമായതോടെ വീഡിയോകൾ പിൻവലിക്കപ്പെട്ടു.























