ശ്രീനിവാസന് ഔദ്യോഗിക ബഹുമതികളോടെ കേരളം വിട നൽകി

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന്വി വിട നൽകി സാംസ്കാരിക കേരളം. ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹം സംസ്‌കരിച്ചു. നിറമിഴികളോടെ അന്ത്യയാത്രയ്ക്ക് സാക്ഷിയായി നിരവധിയാളുകളാണ് കണ്ടനാട്ടെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.

ശനിയാഴ്ച രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക്‌ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഡയാലിസിസിനായി കൊച്ചി അമൃത ആശുപത്രിയിലേക്ക് പോകുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. വിവിധ രോഗങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.

എറണാകുളം ടൗൺ ഹാളിൽ നടന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരും നേരിട്ടെത്തി. ഇന്ന് രാവിലെ കണ്ടനാട്ടെ വീട്ടിലെത്തിയ തമിഴ് താരം സൂര്യ, ഏറെ ആരാധനയോടെ കണ്ടിട്ടുള്ള വ്യക്തിയുടെ വിയോഗം വലിയ വേദനയുണ്ടാക്കുന്നുവെന്ന് പ്രതികരിച്ചു.

1977-ൽ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തിയ ശ്രീനിവാസൻ നടൻ എന്നതിലുപരി മികച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു. 1984-ൽ ‘ഓടരുതമ്മാവാ ആളറിയും’ എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാ രചനയിലേക്ക് കടന്നത്.