നടി ആക്രമിക്കപ്പെട്ട കേസ്: അന്തിമ വിധി നാളെ; ദിലീപിന് നിർണായകം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി നാളെ വിധി പ്രസ്താവിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിചാരണ പൂർത്തിയാക്കി വിധി പറയുന്നത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ അതിക്രമിച്ചുകയറി, യുവനടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്. നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളാണ് കേസിലുള്ളത്.

പെരുമ്പാവൂർ സ്വദേശി പൾസർ സുനിയാണ് ഒന്നാം പ്രതി. 2017 ഫെബ്രുവരി 17 ന് വൈകീട്ട് സിനിമാ ഷൂട്ടിങ്ങിനായി തൃശൂരിൽ നിന്നും എറണാകുളത്തു വരുന്നതിനിടെയാണ് നടി ആക്രമിക്കപ്പെടുന്നത്. ലാൽ ക്രിയേഷൻസ് എന്ന നിർമ്മാണ കമ്പനി ഏർപ്പാടു ചെയ്ത എസ് യു വിയിലാണ് നടി കൊച്ചിയിലേക്ക് വന്നത്. ഈ വാഹനം ഓടിച്ച മാർട്ടിൻ കേസിൽ രണ്ടാം പ്രതിയാണ്.

ആലുവ അത്താണിയിൽ വെച്ച് മുഖ്യപ്രതി പൾസർ സുനി ഓടിച്ച ടെമ്പോ ട്രാവലർ എസ് യു വിയിൽ ഇടിക്കുകയും, തുടർന്ന് സുനി വാഹനത്തിൽ അതിക്രമിച്ചുകയറി നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. സംഭവത്തിന്റെ ഗൂഢാലോചനയിലാണ് ദിലീപ് പ്രതിയാകുന്നത്. എട്ടാം പ്രതിയാണ് ദിലീപ്. കേസിൽ ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബർ മൂന്നിനാണ് ദിലീപിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്.