‘മൊബൈൽ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; പൾസർ സുനി അപ്പീൽ നൽകി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തടവു ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. നടിയെ ആക്രമിച്ച് ദൃശ്യം പകർത്തിയെന്ന് പറയപ്പെടുന്ന മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ല. മെമ്മറി കാർഡ് കണ്ടെടുത്തത് ചട്ടങ്ങൾ പാലിക്കാതെയാണ്. തന്നെ കേസുമായി ബന്ധപ്പെടുത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഹർജിയിൽ സുനി വാദിക്കുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി അടക്കം നാലു പേരാണ് ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുള്ളത്. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി അടക്കം ആറു പ്രതികൾക്ക് വിചാരണ കോടതി 20 വർഷം കഠിന തടവാണ് ശിക്ഷ വിധിച്ചിരുന്നത്. കൂടാതെ 50,000 രൂപ പിഴയും വിധിച്ചിരുന്നു.

കേസിൽ ഒന്നാം പ്രതി പെരുമ്പാവൂർ വേങ്ങൂർ നടുവിലേക്കുടി വീട്ടിൽ സുനിൽ എൻ എസ് എന്ന പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പിൽ ബി മണികണ്ഠൻ, നാലാം പ്രതി കണ്ണൂർ കതിരൂർ മംഗലശ്ശേരി വീട്ടിൽ വി പി വിജീഷ്, അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പിൽ വീട്ടിൽ എച്ച് സലീം എന്ന വടിവാൾ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തിൽ വീട്ടിൽ പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പൾസർ സുനി ഏഴര വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞതിനാൽ ഇനി 13 വർഷം ജയിലിൽ കഴിഞ്ഞാൽ മതിയാകും. പൾസർ സുനിക്കൊപ്പം രണ്ടാം പ്രതി മാർട്ടിൻ ആൻ്റണിയും ഏഴ് വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞു. ഇയാളും 13 വർഷം തടവിൽ കഴിഞ്ഞാൽ മതി. 2039 ഓടെ ഇവർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവും. കേസിൽ എട്ടാം പ്രതിയായ ദിലീപിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.