കാരവാനിൽ വെച്ച് കയറിപ്പിടിച്ചു, നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടി; നടിയുടെ പരാതി

കൊച്ചി: സംവിധായകൻ രഞ്ജിത്തിന്റെ പുതിയ സിനിമയിലെ യുവനടിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വെച്ച് ജനുവരി 9 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കാരവാനിൽ വെച്ച് സംവിധായകൻ കയറിപ്പിടിച്ചെന്നും, മോശമായി പെരുമാറിയെന്നുമാണ് പരാതിയിൽ പറയുന്നത്. ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതോടെ വാഹനത്തിൽ നിന്നും ഇറങ്ങിയോടിയെന്നും നടി പറയുന്നു.

സംഭവം നടന്ന ദിവസം ഷൂട്ടിങ് സെറ്റിലുള്ളവർ വിവരം അറിഞ്ഞിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സിനിമയിൽ പ്രധാന സ്ത്രീ കഥാപാത്രം തന്നെയായിരുന്നു പരാതിക്കാരിയായ നടി ചെയ്തിരുന്നത്. സിനിമയിൽ നടിയുടെ റോളിന്റെ ഷൂട്ടിങ് ഏകദേശം പൂർത്തിയായിരുന്നു. യുവനടി ആയതിനാൽ പരാതിയുമായി മുന്നോട്ട് പോകില്ലെന്നായിരുന്നു രഞ്ജിത്തിന്റെ കണക്കുകൂട്ടൽ.

സിനിമയുടെ സെറ്റിൽ തന്നെയുള്ള ആഭ്യന്തര സമിതിയുടെ മുമ്പാകെയാണ് യുവനടി ആദ്യം പരാതി നൽകിയത്. എന്നാൽ അവിടെ തീരുമാനമാകാതെ വന്നതോടെ യുവനടി ഡിജിപിക്കും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച എസ്‌ഐടിക്കും പരാതി നൽകിയത്. സംഭവത്തിന്റെ ട്രോമയിൽ ആയിരുന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്നാണ് നടി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. സിനിമാസെറ്റിൽ വെച്ച് തന്നെ പരാതി ഒതുക്കാൻ ശ്രമം നടന്നതായും പരാതിയിൽ പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ നേരിട്ടായിരുന്നു അന്വേഷണം നടത്തിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയതോടെ, വിവരം ചോരാതിരിക്കാൻ ജാഗ്രത പുലർത്തി. എന്നാൽ പീഡന പരാതിയിൽ പൊലീസ് നടപടിയെ പറ്റി കഴിഞ്ഞ ദിവസങ്ങളിൽ രഞ്ജിത്തിന് വിവരം ലഭിച്ചിരുന്നു. പൊലീസിന്റെ നടപടി വേഗത്തിൽ ആയതോടെ രഞ്ജിത്തിനോട് അഭിഭാഷകർ ഒളിവിൽ പോകാൻ നിർദേശം നൽകി. തുടർന്നാണ് സ്വന്തം വാഹനം ഉപേക്ഷിച്ചു സഹപ്രവർത്തകനൊപ്പം മറ്റൊരു വാഹനത്തിൽ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്. രഞ്ജിത്ത് സംസ്ഥാനം വിടാൻ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതോടെ, ഇടുക്കി എസ്പിയുടെ നിർദേശ പ്രകാരം തൊടുപുഴയ്ക്ക് സമീപം വെച്ച് കാർ തടഞ്ഞ് മിന്നൽ നീക്കത്തിലൂടെ രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ച രഞ്ജിത്തിനെ രാത്രി തന്നെ കൊച്ചിയിലെത്തിച്ചു. നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ മാനഭംഗം, ലൈംഗികാതിക്രമം, തടഞ്ഞുവയ്ക്കൽ, അശ്ലീല ആംഗ്യം കാണിക്കൽ എന്നീ നാലു വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.