‘സാരി മാറുംപോലെ 5 കല്യാണം’: രേഖയ്ക്കെതിരെ അധിക്ഷേപ പരാമർശവുമായി സത്യഭാമ

സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച സീരിയൽ നടി രേഖ രതീഷിനെതിരെ അധിക്ഷേപ പരാമർശവുമായി കലാമണ്ഡലം സത്യഭാമ. ബുള്ളിയിം​ഗ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ രേഖ എന്നാണ് സത്യഭാമ ചോ​ദിക്കുന്നത്. അഞ്ച് കല്യാണം സാരി മാറുന്നത് പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോന്ന് ചോ​ദിച്ച സത്യഭാമ, കുറച്ച് നാൾ സോഷ്യൽ മീഡിയ ഉപയോ​ഗിക്കാതെ സന്തോഷത്തോടെ ഇരിക്കാനും രേഖയെ ഉപദേശിച്ചു.

‘‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. സോഷ്യൽമീഡിയ ബുള്ളിയിങ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങൾ? അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ? എപ്പോ കയറ്റി വിട്ടൂന്ന് ചോദിച്ചാൽ പോരെ റോക്കറ്റിൽ. നിങ്ങൾ ഒരു പബ്ലിക് ആയത് കൊണ്ടാണ് ഇത്രയ്ക്കും ടെൻഷൻ. കുറച്ച് നാൾ സോഷ്യൽ മീഡിയ ഉപയോഗിക്കാതെ സന്തോഷമായി ഇരിക്കൂ.. എല്ലാം ശരിയാകും.’’-സത്യഭാമയുടെ വാക്കുകൾ.

കഴിഞ്ഞ ദിവസം രേഖ പങ്കുവച്ച വിഡിയോ വൈറലായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി താൻ കടുത്ത മാനസിക സമ്മർദത്തിലാണെന്നും യൂട്യൂബ് ചാനലുകൾ തന്നെ തേജോവധം ചെയ്യുകയാണെന്നുമാണ് രേഖ പറഞ്ഞത്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം ഇവരായിരിക്കുമെന്നും നടി വെളിപ്പെടുത്തുന്നു. 9 മാസമായി ജോലിയില്ലാതെ താൻ ഫ്ലാറ്റിൽ കഴിയുകയാണെന്നും, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മകനാണ് തനിക്കുള്ളതെന്നും രേഖ പറയുന്നു.

‘‘പ്രിയപ്പെട്ട സർക്കാർ, പിണറായി വിജയൻ സാറിന്, എന്റെ പേര് രേഖ രതീഷ്. ഞാൻ മലയാളം സീരിയൽ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുന്നൊരു മകൻ എനിക്കുണ്ട്. കഴിഞ്ഞ ഒൻപത് മാസമായി ജോലിയില്ലാതെ എന്റെ ഫ്ലാറ്റിൽ തന്നെ കഴിയുകയാണ്. മൂന്ന് മാസത്തോളമായി ഒരു കൂട്ടം യൂട്യൂബേഴ്സ് മോശം ക്യാപ്ഷനുകൾ കൊടുത്ത് എന്നെപ്പറ്റി വിഡിയോ പോസ്റ്റ് ചെയ്യുകയാണ്. ഇവരെല്ലാവരും എന്നെ ജീവിക്കാൻ അനുവദിക്കാതെ സമ്മർദത്തിലാക്കുകയാണ്. ഇത്രയും മാനസിക സമ്മർദം എനിക്ക് താങ്ങാനാവുന്നില്ല. ഇത്തരം ആക്രമണങ്ങളുടെ ഫലമായി നമ്മുടെ കേരളത്തിൽ ഒരുപാട് ജീവനുകൾ പൊലിഞ്ഞ് പോവുന്നുണ്ട്. മകനുവേണ്ടി കഷ്ടപ്പെട്ട് ജീവിക്കാൻ ശ്രമിക്കുന്ന സ്ത്രീയാണ് ഞാൻ. എന്നാൽ യൂട്യൂബേഴ്സ് കാരണം മുന്നോട്ട് ജീവിക്കാനുള്ള ശേഷി നഷ്ടപ്പെടുകയാണ്. മാനസികമായ സമ്മർദം കാരണം ജീവിക്കാൻ പറ്റുന്നില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം എന്നെ തേജോവധം ചെയ്യുന്ന യൂട്യൂബേഴ്സായിരിക്കും എന്ന് അറിയിക്കാനാണ് ഈ വിഡിയോ. ഇതുകൊണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ ഇവിടെ അവസാനിക്കണം. എന്നെ മാത്രമല്ല, ഇതേ ഫീൽഡിലെ നിരവധി പേരെ ഇതുപോലെ അപമാനിക്കുകയാണ്. അവരെ ചൂഷണം ചെയ്യുകയാണ് ഇവർ. ദയവ് ചെയ്ത് മുഖ്യമന്ത്രി ഇതിനെതിരെ ശക്തമായ നടപടി എടുക്കണം. എനിക്കു വേണ്ടി മാത്രമല്ല, ഇനിയുള്ള സഹോദരന്മാർക്കും സഹോദരിമാർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകരുത്. സർക്കാർ ഇതിൽ ഒരു തീരുമാനമെടുത്ത് ഞങ്ങളെ രക്ഷിക്കണം’’. – രേഖ വിഡിയോയിൽ പറയുന്നു.