തിരുവനന്തപുരം: ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച മോഹൻലാലിനെ ആദരിച്ച സംസ്ഥാന സർക്കാരിന്റെ നടപടിയെ പ്രശംസിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. രണ്ട് പതിറ്റാണ്ട് മുൻപ് തനിക്ക് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചിരുന്നു. അന്ന് ഇത്തരത്തിൽ ജനങ്ങളെ സംഘടിപ്പിച്ച് സ്വീകരണം ഒരുക്കലോ ആദരവ് പ്രകടിപ്പിക്കുകയും ഒന്നും ഉണ്ടായിരുന്നില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

സർക്കാർ സംഘടിപ്പിച്ച ‘വാനോളം മലയാളം ലാൽ സലാം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അടൂർ. നമ്മുടെ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് മോഹൻലാലിനെ ആദരിക്കുന്നത്. അതിൽ എല്ലാവരെയും പോലെ എനിക്കും സന്തോഷവും അഭിമാനവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടില്ല. മോഹൻലാലിന്റെ കഴിവുകളെപ്പറ്റി അങ്ങേയറ്റം അഭിമാനിക്കുകയും അതിനെ ആദരിക്കുകയും ചെയ്യുന്ന വ്യക്തികളിലൊരാളാണ്. മോഹൻലാലിന് അഭിനയത്തിന് ആദ്യമായി ദേശീയ അവാർഡ് നൽകിയ ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്നും, അതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം അറിയിച്ചു.


സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വാനോളം മലയാളം ലാൽ സലാം’ പരിപാടിയിൽ മോഹൻലാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു. കവി പ്രഭാവർമ്മ രചിച്ച പ്രശസ്തിപത്രവും സമർപ്പിച്ചു. ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.























