വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ചു ജീവിക്കാം; ലിവ്-ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

ജയ്പൂർ: പ്രായപൂർത്തിയായവർക്ക് പരസ്പര സമ്മതത്തോടെ ലിവ്-ഇൻ ബന്ധത്തിൽ തുടരാൻ അർഹതയുണ്ടെന്ന് രാജസ്ഥാൻ ഹൈക്കോടതി. നിയപരമായ വിവാഹപ്രായം ഇതിന് തടസമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭരണഘടനാപരമായ അവകാശങ്ങൾ പരിമിതപ്പെടുത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. കോട്ട സ്വദേശികളായ 19 കാരനും 18 കാരിയും സമർപ്പിച്ച ഹർജിയിലാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ നിരീക്ഷണം. തങ്ങൾ ഒരുമിച്ച് താമസിക്കുന്നതെന്ന് സ്വതന്ത്ര ഇച്ഛാശക്തിയുടെ പുറത്താണെന്ന ഇരുവരുടെയും വാദം അംഗീകരിച്ചാണ് ജസ്റ്റിസ് അനൂപ് ധണ്ട് വിധി പറഞ്ഞത്.

2025 ഒക്ടോബർ 27 ന് തയ്യാറാക്കിയ ലിവ്-ഇൻ കരാർ പ്രകാരമാണ് തങ്ങൾ ഒന്നിച്ച് ജീവിക്കുന്നത്. എന്നാൽ യുവതിയുടെ കുടുംബം ബന്ധത്തെ എതിർക്കുന്നതായും വധ ഭീഷണി ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് യുവതിയും യുവാവും കോടതിയെ സമീപച്ചത്. ഭീഷണി ഉൾപ്പെടെ ചൂണ്ടിക്കാട്ടി കോട്ട പൊലീസിൽ നൽകിയ പരാതി പരിഗണിക്കപ്പെട്ടില്ലെന്നും ഹർജിക്കാർ ആരോപിച്ചു. പുരുഷന്മാരുടെ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ നിയമപരമായ പ്രായമായ 21 വയസ് യുവാവിനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പബ്ലിക് പ്രോസിക്യൂട്ടർ വിവേക് ചൗധരി ഹർജിയെ എതിർത്തത്. പ്രായം കണക്കാക്കി ഇരുവരെയും ലിവ്-ഇൻ ക്രമീകരണത്തിൽ ജീവിക്കാൻ അനുവദിക്കരുതെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.

എന്നാൽ ഹർജിക്കാർ വിവാഹിതരാകാൻ പ്രാപ്തരല്ല എന്നതുകൊണ്ട് മാത്രം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും നിഷേധിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വാദങ്ങൾ തള്ളുകയായിരുന്നു.