മകൻ പറഞ്ഞതിൽ തെറ്റില്ല, മോഹൻലാൽ ദുരന്തഭൂമിയിൽ സെൽഫിയെടുത്തത് അടക്കമാണ് ചോദ്യം ചെയ്തത്; അജുവിൻ്റെഅമ്മ

പത്തനംതിട്ട: വയനാട്ടിലെ ദുരന്ത ഭൂമി സന്ദര്‍ശിച്ച നടൻ മോഹൻലാലിനെ വിമര്‍ശിച്ച സംഭവ ത്തില്‍ പ്രതികരണവുമായി അറസ്റ്റിലായ യുട്യൂബർ അജു അലക്സിന്റെ(ചെകുത്താൻ) അമ്മ. സ്റ്റേഷൻ ജാമ്യം കിട്ടേണ്ട കേസിൽ മകനെ പൊലീസ് അന്യായമായി കസ്റ്റഡിയിൽ വെക്കുന്നുവെന്ന് അജുവിൻ്റെ അമ്മ മേഴ്സി മാധ്യമങ്ങളോട് പറഞ്ഞു.

ഫേസ്ബുക്ക് പേജിലൂടെ മകൻ പറഞ്ഞ കാര്യങ്ങളിൽ തെറ്റില്ലെന്നും മേഴ്സി പറഞ്ഞു. മോഹൻലാൽ ദുരന്തഭൂമിയിൽ പോയി സെൽഫിയെടുത്തത് അടക്കമാണ് മകൻ ചോദ്യം ചെയ്തത്. മോഹൻലാലിനെ പ്രീതിപ്പെടുത്താനാണ് സിദ്ദീഖ് പരാതിയുമായി ഇറങ്ങിയതെന്നും അമ്മ മേഴ്സി പറഞ്ഞു.

മകന്റെ അറസ്റ്റിൽ പൊലീസിനെതിരെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് അമ്മ മേഴ്സി പരാതി നൽകി.

ചെകുത്താന്‍ എന്ന പേരില്‍ യുട്യൂബിലും ഫേസ്ബുക്കിലും റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിനെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ തുടര്‍ന്നാണ് ചെകുത്താനെതിരെ നടപടിയെടുത്തത്. താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്‍റെ പരാതിയിലാണ് കേസ്. കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു.