നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ പത്ത് ദിവസത്തിനുള്ളിൽ നൂറ് കോടി പിന്നിട്ട് ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരിക്കുകയാണ്. ആറ് വർഷത്തിന് ശേഷമാണ് നിവിൻ പോളിയെ തേടി ബോക്സ് ഓഫീസ് വിജയമെത്തുന്നത്. നിവിൻ പോളിയ്ക്ക് മാത്രമല്ല, സംവിധായകൻ അഖിൽ സത്യനും ഈ വിജയം തിരിച്ചുവരവാണ്. ആദ്യ ചിത്രം പാച്ചുവും അത്ഭുതവിളക്കും പ്രതീക്ഷ വിജയം നേടിയിരുന്നില്ല. അതുകൊണ്ട് തന്നെ സർവ്വം മായയുടെ വിജയം അഖിൽ സത്യനും നിർണായകമാണ്. ഇതിനിടെ കഴിഞ്ഞ ദിവസം സർവ്വം മായയുടെ തിയേറ്റർ വിസിറ്റിനിടെ അഖിൽ സത്യൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. സർവ്വം മായ കണ്ട് സംവിധായകൻ ഹരിഹരൻ പറഞ്ഞ വാക്കുകളും അഖിൽ സത്യൻ പങ്കുവെക്കുന്നുണ്ട്.

”ഈ സിനിമ കണ്ട് സംവിധായകൻ ഹരിഹരൻ സാർ വിളിച്ചിരുന്നു. വഴിമാറി പോയ മലയാളം സിനിമയെ നീ കൈ പിടിച്ച് വീട്ടിലേക്ക് ആക്കിയെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ പ്രേക്ഷകരാണ് ആ കൈ പിടിച്ചത്. ലൗണ്ട് ആക്ഷൻ ഇല്ലാതെ ബജറ്റ് കുറവായ ഒരു സിമ്പിൾ സിനിമയെ മനുഷ്യന്റെ ഇമോഷൻ മാത്രമുള്ള സിനിമയെ നിങ്ങൾ ഹിറ്റാക്കി കാണിച്ചു കൊടുത്തു. നമ്മൾ വളർന്നത് എല്ലാം ഇത്തരം സിനിമകൾ കണ്ടിട്ടാണ്. സത്യൻ അന്തിക്കാട്, പ്രിയദർശൻ, സിദ്ധിഖ്, ലാൽ ജോസ് ആരായാലും ആ ഒരു സിനിമാറ്റിക് ഗ്രാമർ നിങ്ങൾ തിയേറ്ററിൽ പ്രൂവ് ചെയ്തു. അതിന് ഒരുപാട് നന്ദി. ഇനി അങ്ങോട്ടും ഇതുപോലുള്ള സിനിമകൾ പ്രതീക്ഷിക്കാം” എന്നാണ് അഖിൽ സത്യൻ പറഞ്ഞത്. ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയിരിക്കുകയാണ് നിവിൻ പോളിയുടെ സർവ്വം മായ. പത്ത് നാളിൽ നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമ നിവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ്. നിവിൻ പോളിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമാണ് സർവ്വം മായ. അഖിൽ സത്യൻ ഒരുക്കിയ ചിത്രത്തിൽ റിയ ഷിബുവാണ് നായിക. പ്രീതി മുകുന്ദൻ, അജു വർഗീസ്, ജനാർദ്ദനൻ, മധു വാര്യർ, രഘുനാഥ് പലേരി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

























