നാലരപ്പവന്റെ മാലയ്ക്കായി അരുംകൊല; വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരൻ

തിരുവനന്തപുരം: അമ്പലംമുക്കിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണം സ്വദേശിനി വിനീത(38)യെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ. കേസിലെ പ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൺ മോഹൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

കേസ് 21-ന് വീണ്ടും പരിഗണിക്കും. അന്നേദിവസം പ്രതിയെ സംബന്ധിച്ചുള്ള ഏഴ് റിപ്പോർട്ടുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ, കന്യാകുമാരി ജില്ലാ കളക്ടർ, സൈക്യാട്രിസ്റ്റ് തുടങ്ങിയവരിൽനിന്നാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. അന്നേദിവസം ഈ റിപ്പോർട്ടുകൾ പരിശോധിച്ചശേഷമായിരിക്കും ശിക്ഷ വിധിക്കുക. പ്രതി നേരത്തെ കൊലപാതകങ്ങൾ നടത്തിയതിനാൽ ഇയാളുടെ മാനസികാവസ്ഥ ഉൾപ്പെടെ പരിശോധിക്കാനാണ് സൈക്യാട്രിസ്റ്റിൽനിന്നുൾപ്പെടെ കോടതി റിപ്പോർട്ട് തേടിയത്.

വിനീതയുടെ കഴുത്തിൽക്കിടന്ന നാലരപ്പവന്റെ മാല കവരുന്നതിനായി പ്രതി വിനീതയെ കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2022 ഫെബ്രുവരി ആറിന് പകൽ 11.50-നാണ് ചെടി വാങ്ങാൻ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തിയത്. കൊല്ലപ്പെടുന്നതിന് ഒൻപതു മാസം മുൻപാണ് വിനീത ഇവിടെ ജോലിക്കെത്തിയത്. ഹൃദ്രോഗബാധിതനായ ഭർത്താവ് മരിച്ചതിനെ തുടർന്ന് രണ്ടു മക്കളെ പോറ്റുന്നതിനാണ് അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരിയായത്.

തോവാള വെള്ളമഠം സ്വദേശിയും കസ്റ്റംസിലെ ഉദ്യോഗസ്ഥനുമായ സുബ്ബയ്യ, ഭാര്യ വാസന്തി, വളർത്തു മകൾ 13-കാരിയായ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ കഴിയവേയാണ് പ്രതി വിനീതയെ കൊലപ്പെടുത്തിയത്.