തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ കാണാനായി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനെത്തി. തിരുവനന്തപുരത്തെ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയാണ് വി.ഡി സതീശൻ അദ്ദേഹത്തെ കണ്ടത്. ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെ ചെന്നിത്തല പെട്ടെന്ന് ബന്ധുവീട്ടിലേക്ക് പോയിരുന്നു. ഇതിന് ശേഷം ഇദ്ദേഹം തിരികെ എത്തിയതിന് പിന്നാലെയാണ് പിണറായി വിജയനെ കണ്ടതിന് ശേഷം ചെന്നിത്തലയെ കാണാനായി വി.ഡി സതീശൻ എത്തിയത്.

വി.ടി ബൽറാം, അബിൻ വർക്കി തുടങ്ങിയ നിയുക്ത എംഎൽഎമാരും ചെന്നിത്തലയുടെ വീട്ടിലെത്തിയിട്ടുണ്ട്. വീട്ടിനുള്ളിൽ ഇരുവരും സംസാരിച്ചതിന് ശേഷം പുറത്തെത്തി മാധ്യമങ്ങളെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയെ അനിഷ്ടം അറിയിച്ച ആളാണ് ചെന്നിത്തല. ഇതിന് പിന്നാലെ നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാതെ പിന്തുണ കത്ത് നൽകിയതിന് ശേഷം നേരെ ഗുരുവായൂരിലേക്ക് പോവുകയാണ് അദ്ദേഹം ചെയ്തത്.

























