കോഴിക്കോട്: ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം എന്ന് സംശയം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നത്. ഇവരുടെ രക്തവും സ്രവവും പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഓമശേരി സ്വദേശി ആയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശേരി സ്വദേശി ആയ യുവാവിനും ആണ് രോഗം സംശയിക്കുന്നത്. 3 മാസം പ്രായം ഉള്ള കുഞ്ഞിനും രോഗ ലക്ഷണമുള്ളതിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ആശങ്കയുണ്ട്. ജില്ലയിൽ ഇത്തരം രോഗലക്ഷണങ്ങൾ കുറച്ചു ദിവസങ്ങളായി കണ്ടുവരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.

അതേ സമയം രോഗത്തിൻറെ ഉറവിടം കണ്ടെത്തുന്നതിൽ സങ്കീർണതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് രോഗലക്ഷണം കണ്ടതിൽ കൂടുതൽ പരിശോധനകൾ നടത്തണമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. പരിശോധന ഫലം വന്നതിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കും. താമരശ്ശേരി നാലാം ക്ലാസ് വിദ്യാർത്ഥി അമീബിക് മസ്തിഷ്ക ജ്വരം വന്നു മരിച്ച സംഭവത്തിൽ സ്കൂളിൽ ബോധവത്കരണം നടത്താനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്. കൊരങ്ങാട് എൽപി സ്കൂളിൽ നാളെ ബോധവത്കരണ ക്ലാസ് നൽകും. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആണ് ക്ലാസ് നൽകാനുദ്ദേശിക്കുന്നത്. താമരശ്ശേരിയിൽ മരിച്ച കുട്ടിയുടെ സഹോദരങ്ങൾക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നു.എന്നാൽ ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവിടെയുള്ള ജലാശയങ്ങളിൽ കുളിക്കരുത് തുടങ്ങിയ ജാഗ്രത നിർദേശങ്ങൾ ഇന്നലെ തന്നെ പുറത്തുവിട്ടിരുന്നു.

























