തിരുവനന്തപുരം: വഞ്ചിയൂരിലെ വെടിവെപ്പ് കേസില്‍ ഷിനിയെ ആക്രമിച്ചത് ഭര്‍ത്താവിനോടുള്ള വൈരാഗ്യം മൂലമെന്ന് ഡോക്ടര്‍ ദീപ്തി. സുഹൃത്തായിരുന്ന സുജിത്ത് തന്നെ മാനസികമായി തകര്‍ക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്‌തെന്നും സുജീത്തിനെ വേദനിപ്പിക്കാനാണ് ഭാര്യ ഷിനിയെ ആക്രമിച്ചതെന്നുമാണ് ദീപ്തി പൊലീസിനോട് പറഞ്ഞത്.

സുജിത്തും ദീപ്തിയും സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി സുജിത്ത് ഒഴിവാക്കിയതോടെ ദീപ്തി മാനസികമായി തകര്‍ന്നു. പല തവണ വിളിച്ചിട്ടും സന്ദേശങ്ങള്‍ അയച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ സുജിത്തിനോട് തോന്നിയ വൈരാഗ്യത്തിന്റെ പേരിലാണ് തിരുവനന്തപുരത്തെ വീട്ടിലെത്തി ഭാര്യയെ വെടിവച്ചതെന്നു, പൊലീസ് പറഞ്ഞു. വെടിവയ്പ് കേസില്‍ പങ്കില്ലെന്നു സമര്‍ഥിക്കാന്‍ ഒട്ടേറെ കള്ളങ്ങള്‍ നിരത്തി രക്ഷപ്പെടാന്‍ ശ്രമിച്ച ഡോ.ദീപ്തി മോള്‍ ജോസ് ഒടുവില്‍ കുറ്റം സമ്മതിച്ചത് ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ്. വെടിവയ്പിന് ഇരയായ എന്‍എച്ച്എം പിആര്‍ഒ ഷിനിയെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നു ദീപ്തിയുടെ മറുപടി. ഇവരുടെ ഭര്‍ത്താവ് സുജിത്തിനെ പരിചയമുണ്ടോ എന്നു ചോദിച്ചപ്പോഴും അറിയില്ലെന്നാണ് ആദ്യം പറഞ്ഞത്. ഒടുവില്‍, കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഇരുവരും ജോലി ചെയ്തിരുന്നതു മുതലുള്ള സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങളും ആക്രമണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകളും നിരത്തി പൊലീസ് ചോദ്യം ചെയ്തതോടെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

























