തൃപ്പൂണിത്തുറയിലെ ജനങ്ങൾ ഇപ്പോഴേ തന്നെ എംഎൽഎയായി അംഗീകരിച്ചു കഴിഞ്ഞുവെന്ന് നടിയും എൻഡിഎ സ്ഥാനാർത്ഥിയുമായ അഞ്ജലി നായർ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലഭിക്കുന്ന ജനപിന്തുണയെക്കുറിച്ച് സംസാരിക്കവേയാണ് താരം മനസ്സ് തുറന്നത്. താൻ പോകുന്ന ഇടങ്ങളിലെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് അഞ്ജലി പറയുന്നു.

‘‘രാത്രി ഭക്ഷണം കഴിക്കാൻ വേണ്ടി പാർട്ടിക്കാരുടെ കൂടെ പോയിട്ടാണ് വരുന്നത്. ഒരു ദിവസം ഒരാൾ പറഞ്ഞു, വേഗം കൊടുക്ക്, എംഎൽഎ കഴിച്ചിട്ട് പോകട്ടെ ആദ്യം. അപ്പൊ ഞാൻ ചോദിച്ചു ‘എംഎൽഎയോ ?’, അപ്പൊ അദ്ദേഹം പറഞ്ഞു ഞങ്ങളുടെ ഒക്കെ എംഎൽഎ ആണ്. എല്ലാവരും വിളിക്കുന്നതേ അങ്ങനെ ആണിപ്പോൾ. അവർ എന്നെ അവരുടെ എംഎൽഎ ആയി ഉറപ്പിച്ചു കഴിഞ്ഞു.


പിന്നെ പലയിടത്തും പോകുമ്പോൾ അവർ കരുതി വെക്കുന്ന ഓരോ സമ്മാനങ്ങളുണ്ട്, എനിക്ക് തരാനായിട്ട്, പ്രചാരണത്തിന് പോകുന്ന വീടുകളിൽ അവർ പറയും പോകരുത് ഞങ്ങൾ ഒരു സാധനം എടുത്തു വച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ട് അവർ തരുന്ന ഓരോ സാധനങ്ങളുണ്ട്. അതോക്കെ എനിക്ക് ഏറെ സന്തോഷകരമായ കാര്യമാണ്. പ്രായം നോക്കാതെ, വേദി നോക്കാതെ പൊട്ടിക്കരഞ്ഞ് ഓരോന്ന് പറയുന്ന മനുഷ്യരുടെ അമർഷം, എന്നോട് കാണിക്കുന്ന വിശ്വാസം. അവരുടെ ദുഃഖം അറിയണമെങ്കിൽ അത് നേരിട്ട് കാണുക തന്നെ വേണം.’’–അഞ്ജലി നായർ പറയുന്നു.























