മുഖ്യമന്ത്രി ചർച്ചകളിൽ പുരുഷന്മാർ മാത്രം; കോണ്‍ഗ്രസ് എന്തുകൊണ്ട് വനിതകളെ പരിഗണിക്കുന്നില്ലെന്ന് ആനി രാജ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് എന്തുകൊണ്ട് വനിതകളെ പരിഗണിക്കുന്നില്ലെന്ന ചോദ്യവുമായി സി.പി.ഐ നേതാവ് ആനി രാജ. രാഷ്ട്രീയത്തിൽ പരിചയസമ്പത്തുള്ള ഒട്ടേറെ സ്ത്രീകൾ വിജയിച്ചു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള ചർച്ചകൾ വെറും രണ്ടോ മൂന്നോ പുരുഷന്മാരെ മാത്രം കേന്ദ്രീകരിച്ച് നടക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ വോട്ടർമാരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നിരിക്കെ, പുരുഷന്മാരിൽ മാത്രം കേന്ദ്രീകൃതമായ ഇത്തരം ചർച്ചകൾ വനിതാ നേതാക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ആനി രാജ പറഞ്ഞു. രാഹുൽ ഗാന്ധി പോലും വനിതാ മുഖ്യമന്ത്രി എന്ന ആശയം മുന്നോട്ടുവെച്ച സാഹചര്യത്തിൽ, കോൺഗ്രസിലെ വിജയിച്ച വനിതാ നേതാക്കളെ എന്തുകൊണ്ട് പരിഗണിക്കുന്നില്ലെന്ന ചോദ്യം പ്രസക്തമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ഇടതുപക്ഷവും ഇത്തരം ഉയർന്ന പദവികളിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും കാലം മാറിയതനുസരിച്ചുള്ള മാറ്റങ്ങൾ പാർട്ടികളിൽ ഉണ്ടാകണമെന്നും അവർ വ്യക്തമാക്കി. ശൈലജ ടീച്ചറെപ്പോലെയുള്ള നേതാക്കളുണ്ടായിട്ടും ഇടതുപക്ഷം ഒരു വനിതാ മുഖം ഉയർത്തിക്കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടോ എന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങൾ പാർട്ടി വേദികളിൽ പരിശോധിക്കപ്പെടേണ്ടതാണെന്ന് ആനി രാജ മറുപടി നൽകി.

തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളുടെ പ്രതീക്ഷകളെ അട്ടിമറിക്കുന്ന രീതിയിൽ കോൺഗ്രസ് സർക്കാർ രൂപീകരണം വൈകിപ്പിക്കുന്നത് ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണെന്ന് അവർ പറഞ്ഞു.