തിരുവനന്തപുരം: വേതനവർധന അടക്കം ആവശ്യപ്പെട്ട് ആശ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. രാപകൽ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 43-ാം ദിവസമാണ് റിലേ നിരാഹാര സമരം അവസാനിപ്പിക്കുന്നത്.

അതേസമയം സെക്രട്ടറിയേറ്റിന് മുന്നിലെ രാപകൽ സമരം തുടരുമെന്ന് സമരക്കാർ അറിയിച്ചു. മെയ് അഞ്ച് മുതൽ ജൂൺ 17 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് രാപകൽ സമരയാത്ര നടത്തുന്നത്. എല്ലാ ജില്ലകളിലും രണ്ട് സമരപന്തൽ ഒരുക്കിയാണ് സമരയാത്ര. ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ നൽകുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശ വർക്കർമാർ സമരം ആരംഭിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം 81-ാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. സമരയാത്രയുടെ ഫ്‌ലാഗ് ഓഫും സമരപ്പന്തലിൽ നടന്നു.

























