പഞ്ചാബിൽ വ്യാജമദ്യ ദുരന്തം; 15പേർ മരിച്ചു, 10പേരുടെ നില അതീവഗുരുതരം

അമൃത്സർ: പഞ്ചാബിൽ വ്യാജമദ്യം കഴിച്ച പതിനഞ്ച് പേർ മരിച്ചു. അമൃത്സറിലെ മജിത ബ്ലോക്കിൽ ഉൽപ്പെടുന്ന ​ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. പത്തുപേരുടെ നില ​ഗുരുതരമാണ്. ഇവരെ അമൃത്സർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും ഭംഗാലി കലൻ, തരൈവാൽ, സംഘ, മറാരി കലൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.

അമൃത്സർ ജില്ലാ കളക്ടർ സാക്ഷി സാഹ്‌നി ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും മരണസംഖ്യ സ്ഥിരീകരിക്കുകയും ചെയ്തു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഞായറാഴ്ച വൈകുന്നേരം ഒരേ ഉറവിടത്തിൽ നിന്ന് മദ്യം വാങ്ങിയവരാണ് ദുരന്തത്തിന് ഇരകളായത്. തിങ്കളാഴ്ച രാവിലെ ചിലർ മരിച്ചെങ്കിലും നാട്ടുകാർ പോലീസിനെ അറിയിക്കാതെ മൃതദേഹങ്ങൾ സംസ്കരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിയാണ് മരണങ്ങളെക്കുറിച്ച് വിവരം ലഭിച്ചതെന്ന് മജിത എസ്എച്ച്ഒ ആഫ്താബ് സിങ് പറഞ്ഞു.

കേസിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും പ്രധാന വിതരണക്കാരായ പ്രഭ്‌ജിത് സിങ്, സാഹിബ് സിങ് എന്നിവരെ രാജാസാൻസിയിൽ നിന്ന് ചെയ്യുകയും ചെയ്തു. വിതരണക്കാരിൽ നിന്ന് മദ്യം വാങ്ങി ഗ്രാമങ്ങളിൽ വിതരണം ചെയ്ത മറ്റ് നാല് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.