കൊച്ചി: അട്ടപ്പാടി മധു കൊലക്കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടയച്ചു. വിചാരണ കോടതി ശിക്ഷിച്ച മറ്റു 13 പ്രതികളുടേയും ശിക്ഷ ഹൈക്കോടതി ശരിവച്ചു. മാത്രമല്ല, ഇവർക്കെതിരെ പട്ടികജാതി, പട്ടികവർഗ (അതിക്രമം തടയൽ) നിയമപ്രകാരവും കുറ്റം ചുമത്തി. ശിക്ഷാവിധി ഇന്ന് 12.30ന് പുറപ്പെടുവിക്കും. കേസിലെ നാലാം പ്രതിയായിരുന്ന അനീഷ്, 11ാം പ്രതിയായിരുന്ന അബ്ദുൽ കരീം എന്നിവരെ വിചാരണ കോടതി വെറുതെ വിട്ടത് ജസ്റ്റിസുമാരായ എ.വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് ശരിവച്ചു.

ഹുസൈന് നേരത്തേ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ശംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്. ഏഴു വർഷം തടവും പിഴശിക്ഷയുമായിരുന്നു വിചാരണ കോടതി വിധിച്ചിരുന്നത്. പ്രതികളായ 2, 3, 5, 6, 7, 8, 9, 10, 12, 13, 14, 15 എന്നിവർക്കെതിരെ 1989ലെ എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ 325, 325 എ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന വിചാരണ കോടതിയുടെ കണ്ടെത്തൽ റദ്ദാക്കുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി.


ഈ വകുപ്പുകളുടെ അടിസ്ഥാനത്തിലാകും ഇനി ശിക്ഷയുണ്ടാവുക. ഇതിനൊപ്പം, വിചാരണ കോടതി മൂന്നു മാസം ശിക്ഷ വിധിച്ച പതിനാറാം പ്രതി മുനീറിനെതിരെ എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ 325, 325 എ വകുപ്പുകൾ ചുമത്തി. ശിക്ഷാ വിധിക്കെതിരെ പ്രതികളും എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമം ഒഴിവാക്കിയതിനെതിരെ സർക്കാരും സമർപ്പിച്ച അപ്പീലുകളായിരുന്നു ഹൈക്കോടതി മുമ്പാകെയുണ്ടായിരുന്നത്. സർക്കാരിന്റെ അപ്പീൽ പരിഗണിച്ചാണ് പ്രതികൾക്കെതിരെ എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ 325, 325 എ വകുപ്പുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതികൾക്കെതിരെ ഐപിസി 302 അനുസരിച്ചുള്ള കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യം പക്ഷേ കോടതി അംഗീകരിച്ചില്ല. മധുവിനെ മനഃപൂർവം കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല പ്രതികൾ ആക്രമിച്ചതെന്ന് കണക്കാക്കി മനഃപൂർവ്വമല്ലാത്ത നരഹത്യയായി വിചാരണ കോടതി മാറ്റിയിരുന്നു. ഇതാണ് ഹൈക്കോടതിയും ശരിവച്ചിരിക്കുന്നത്. പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27കാരനായ മകൻ മധുവിനെ അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച്, ആൾക്കൂട്ടം അതിക്രൂരമായി തല്ലിക്കൊല്ലുകയായിരുന്നു. 2018 മേയ് 20ന് ആയിരുന്നു സംഭവം.























