ബി ഗോപാലകൃഷ്ണന് ആശ്വാസം; നാമനിർദേശ പത്രിക സ്വീകരിച്ചു

തൃശൂർ: ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. എൽഡിഎഫും യുഡിഎഫും പത്രികയെ എതിർത്തു. എന്നാൽ കേസിൽ ശിക്ഷ വിധിച്ചാലേ പത്രിക തള്ളാൻ കഴിയൂവെന്ന് റിട്ടേണിങ് ഓഫീസർ വ്യക്തമാക്കി. ബി ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശത്തിൽ കേസെടുത്തിരുന്നു. ഇന്നലെ പ്രകടനം ഒഴിവാക്കിയായിരുന്നു ബി ഗോപാലകൃഷ്ണൻ. നാമനിർദേശ പത്രിക സമർപ്പിച്ചത്. കേസിന്റെ പശ്ചാത്തലത്തിൽ വേഗത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാനായിരുന്നു നീക്കം. വർഗീയപരാമർശത്തിൽ ബി ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗുരുവായൂർ ടെമ്പിൾ പോലീസ് ആണ് തൃശൂർ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കേസെടുത്തത്. സാമുദായിക വികാരം ഉപയോഗിച്ച് വോട്ട് തേടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ.

ജനപ്രാതിനിധ്യ നിയമം, 1951 ലെ 123(3) വകുപ്പ് പ്രകാരവും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് പരാതിയിൽ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചത്. വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കിൽ സാമുദായിക വികാരങ്ങൾ ഉപയോഗിച്ച് അഭ്യർഥിക്കാൻ പാടില്ല, പള്ളികൾ, ക്ഷേത്രങ്ങൾ അല്ലെങ്കിൽ മറ്റ് ആരാധനാലയങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള വേദിയായി ഉപയോഗിക്കരുത് എന്ന, മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആറിട്ട് കേസെടുക്കുകയും ചെയ്തു. അതേസമയം, ഗുരുവായൂരിലെ വർഗീയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നെന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ നിലപാട്.