കൊല്ലം: ശബരിമല സ്വർണകൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യ ഹർജി കോടതി തള്ളി. രണ്ട് കേസുകളിലെയും ജാമ്യഹർജിയാണ് കൊല്ലം വിജിലൻസ് കോടതി തള്ളിയത്. റിമാൻഡിലായിട്ട് 90 ദിവസം കഴിഞ്ഞെന്നും സ്വാഭാവിക നീതി അനുവദിക്കണമെന്നുമായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം. എന്നാൽ കേസിൽ തൊണ്ടി മുതൽ കണ്ടെടുക്കാൻ ഉണ്ടെന്നായിരുന്നു എസ്‌ഐടിയുടെ വാദം. കേസിൽ ആദ്യം അറസ്റ്റിലായ ആളാണെന്നും, 90 ദിവസമായി ജയിലിൽ കഴിയുന്നു എന്നുമാണ് പോറ്റിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ജാമ്യം എന്നത് സ്വാഭാവിക നീതിയാണെന്നും പോറ്റിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒന്നാം പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഒരുകാരണവശാലും ജാമ്യം നൽകരുതെന്നും എസ്‌ഐടി ആവശ്യപ്പെട്ടു. ഈ വാദം അംഗീകരിച്ചാണ് കോടതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം നിഷേധിച്ചത്. രണ്ടാം തവണയാണ് വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളുന്നത്.

























