ആഡംബര ജീവിതം, വിദേശത്തുള്ള ഭാര്യ അയച്ച പണം ചെലവ് ചെയ്തും മദ്യപിച്ചും തീർത്തു; ഒടുവിൽ കവർച്ച

തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയ പ്രതി റിജോ ആന്റണി നയിച്ചത് ആഡംബര ജീവിതം. വിദേശത്തുള്ള ഭാര്യ നാട്ടിലേക്ക് അയച്ച പണം സുഹൃത്തുക്കൾക്ക് ചെലവ് ചെയ്തു മദ്യപിച്ചും തീർത്തു. അടുത്തമാസം ഭാര്യ മടങ്ങി വരുമ്പോൾ പണം നൽകാൻ ഇല്ലാത്തതിനാൽ ആണ് മോഷണം നടത്തിയത്.

കവർച്ചയുടെ കാരണമെന്തെന്ന് തിരക്കിയ പൊലീസിനോട് പിടിയിലായ ആശാരിക്കാട് സ്വദേശി റിജോ ആന്റണി പറഞ്ഞത് ഇങ്ങനെ. ധൂർത്തടിച്ച പണം തിരികെ വയ്ക്കാനായിരുന്നു മോഷണം. 15 ലക്ഷം രൂപയിൽ 5 ലക്ഷം ഇയാൾ ചെലവാക്കിയെന്നാണ് വിവരം. ബാക്കി 10 ലക്ഷമാണ് പൊലീസ് പിടിച്ചെടുത്തത്. പ്രതിയെ പിടികൂടാൻ ശാസ്ത്രീയ മാർഗങ്ങൾ പലതും പൊലീസ് ഉപയോഗിച്ചു. ബാങ്കിലെ അക്കൗണ്ടുകൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചിരുന്നു. ഒടുവിൽ‌ പ്രതി പ്രദേശവാസി തന്നെയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. സ്വന്തം സ്കൂട്ടറിലാണ് ഇയാൾ മോഷണത്തിനെത്തിയത്. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു വാഹനം ഓടിച്ചത്. ബാങ്ക് കവർച്ചാക്കേസുകൾ അന്വേഷിച്ചു പരിചയമുള്ള ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി ആയിരുന്നു പൊലീസിന്റ അന്വേഷണം.

ബാങ്കിന് എതിർവശത്തുള്ള പള്ളിയിലെത്തിയപ്പോഴാണ് പ്രതിയുടെ ശ്രദ്ധയിൽ ബാങ്ക് പെടുന്നത്. തുടർന്ന് ബാങ്കിനെ നിരീക്ഷിക്കുകയും ബാങ്കിലെ സാഹചര്യങ്ങൾ മനസിലാക്കുകയും ചെയ്യുകയായിരുന്നു. ബാങ്കിനകത്ത് കയറി സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം കൃത്യമായി പ്ലാൻ ചെയ്ത് കവർച്ച നടത്തിയത്. കൂടുതൽ പണം എടുക്കാൻ ശ്രമിച്ചെങ്കിലും കൈയിൽ കിട്ടിയ പണവുമായി സ്ഥലം വിടുകയായിരുന്നുവെന്ന് പ്രതി പറയുന്നു. മൂന്ന് മിനിറ്റുകൊണ്ടാണ് ബാങ്കിൽ കവർച്ച നടത്തിയത്.

ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ ആയിരുന്നു മോഷണം. ക്യാഷ് കൗണ്ടറിൽ എത്തിയ മോഷ്ടാവ് കൗണ്ടർ പൊളിച്ച് പണം കവർന്നു. കൗണ്ടറിൽ 45 ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിലും 5 ലക്ഷം വീതമുള്ള 3 കെട്ടുകൾ ആണ് മോഷ്ടാവ് കവർന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. സ്കൂട്ടറിൽ കയ്യുറകളും ഹെൽമെറ്റും, ജാക്കറ്റും ധരിച്ചെത്തിയ മോഷ്ടാവ് ബാങ്കിലേക്ക് ഇരച്ചു കയറുകയായിരുന്നു. തുടർന്നായിരുന്നു ജീവനക്കാരെ ബന്ദിയാക്കി കവർ‌ച്ച നടത്തിയത്.