കൊൽക്കത്ത: ചിത്രീകരണത്തിനായി ബീച്ചിൽ എത്തിയ നടൻ മുങ്ങിമരിച്ചു. ബംഗാളി സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധേയനായ നടൻ രാഹുൽ അരുണോദയ് ബാനർജിയാണ് (43) മരിച്ചത്. ഒഡീഷയിലെ തൽസരി ബീച്ചിൽ ഇന്നലെ ആയിരുന്നു സംഭവം. പശ്ചിമ ബംഗാളിലെ പൂർബ മേദിനിപൂർ ജില്ലയിലുള്ള ദിഘയ്ക്ക് അടുത്തുള്ള ബീച്ചിൽ ബംഗാളി ടെലിവിഷൻ പരമ്പരയായ ഭോലേ ബാബ പർ കരേഗയുടെ ചിത്രീകരണത്തിനായി അണിയറക്കാർക്കും സഹതാരങ്ങൾക്കുമൊപ്പം പോയതായിരുന്നു രാഹുൽ ബാനർജി.

ദിവസത്തെ ചിത്രീകരണത്തിന് ശേഷം അദ്ദേഹം കടലിലേക്ക് ഇറങ്ങുകയായിരുന്നെന്ന് സഹതാരം ദിഗാന്ത ബാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു. “വെള്ളത്തിന് അടിയിലുള്ള എന്തിലോ അദ്ദേഹം കുരുങ്ങുകയായിരുന്നു. ശരിക്കും എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അദ്ദേഹം അപായത്തിൽ പെടുന്നുവെന്ന് കണ്ട് എല്ലാവരും നിലവിളിക്കാൻ തുടങ്ങി. ഞങ്ങൾ എല്ലാവരും ചേർന്ന് അദ്ദേഹത്തെ കരയിലേക്ക് എത്തിച്ചു. ഉടൻ ദിഘ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്ക് അദ്ദേഹം മരിച്ചിരുന്നുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്”, ദിഗാന്ത ബാഗ്ചി പറയുന്നു. സംഭവത്തെക്കുറിച്ച് ഒഡിഷ പൊലീസിനോട് അന്വേഷിച്ചിട്ടുണ്ടെന്നും അസ്വാഭാവിക മരണത്തിന് തങ്ങൾ കേസ് എടുത്തിട്ടുണ്ടെന്നും ദിഘ പൊലീസ് അറിയിച്ചു. രാഹുൽ ബാനർജി അഭിനയിച്ചിരുന്ന ടിവി പരമ്പരയുടെ അണിയറക്കാരോടും മറ്റഅ ദൃക്സാക്ഷികളോടും പൊലീസ് സംസാരിക്കുന്നുണ്ട്.


മുഖ്യമന്ത്രി മമത ബാനർജി അടക്കമുള്ളവർ നടൻറെ അപകട മരണത്തിൽ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരുന്നു.























