‘റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് അങ്ങാടിയിൽ നടക്കും; പി വി അൻവർ

കോഴിക്കോട്: ബേപ്പൂർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് അങ്ങാടിയിൽ നടക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി പി വി അൻവർ. റിയാസ് ജയിച്ചാൽ കോഴിക്കോട്ടെ കിഡ്‌സൺ കോർണർ മുതൽ എസ്എം സ്ട്രീറ്റ് വഴി റെയിൽവേ സ്റ്റേഷൻ വരെ നടക്കും. സമാനമായ വെല്ലുവിളി ഏറ്റെടുക്കാൻ മുഹമ്മദ് റിയാസ് തയ്യാറുണ്ടോ എന്നും പി വി അൻവർ ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ രീതികളും അദ്ദേഹത്തിന്റെ മരുമകൻ മുഹമ്മദ് റിയാസ് പാർട്ടിയിൽ നടത്തുന്ന അനാവശ്യ ഇടപെടലുകളുമാണ് സിപിഎമ്മിനെ തകർക്കുന്നതെന്നും അൻവർ ഫറോക്കിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിമർശിച്ചു. റിയാസ് വലിയ വിജയപ്രതീക്ഷ പുലർത്തുമ്പോഴും, മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകൾ തനിക്ക് അനുകൂലമാകുമെന്നാണ് അൻവർ അവകാശപ്പെടുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അദ്ദേഹം ആരോപിച്ചു. ഇടതുപക്ഷത്തെ തകർക്കുന്നത് മുഹമ്മദ് റിയാസിന്റെ പാർട്ടിയിലെ അപ്രമാദിത്വമാണെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയെ മുഹമ്മദ് റിയാസ് ഹൈജാക്ക് ചെയ്തുവെന്നും കൂട്ടിച്ചേർത്തു.

പാർട്ടിയുടെ ഉന്നത നേതൃത്വത്തെ മുഴുവൻ ഹൈജാക്ക് ചെയ്ത്, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിൽ മാത്രമുള്ള ഒരു സംവിധാനമായി പാർട്ടിയെ മാറ്റാൻ റിയാസ് ശ്രമിച്ചുവെന്നും ഇതിന് പാർട്ടി സെക്രട്ടറി വളം വെച്ചു കൊടുത്തു എന്നും അൻവർ കുറ്റപ്പെടുത്തി. പാർട്ടിക്കുള്ളിലെ കുടുംബാധിപത്യം കാരണം അണികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടെന്നും ഇത് വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിലെയും ത്രിപുരയിലെയും പോലെ കേരളത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടി അധഃപതനത്തിന്റെ പാതയിലാണെന്നും അൻവർ മുന്നറിയിപ്പ് നൽകി.

പിണറായിയും ജനങ്ങളും തമ്മിലാണ് തെരഞ്ഞെടുപ്പ്. ന്യൂനപക്ഷ ഏകീകരണം നടന്നിട്ടില്ല. ബേപ്പൂരിൽ ബിജെപി വോട്ട് കുറയും. ഇവിടെ ബിജെപി-സിപിഎം ഡീൽ പൊളിഞ്ഞുവെന്ന് പറഞ്ഞ അൻവർ കേരളത്തിലെ ബിജെപി ലീഡർഷിപ്പ് പിണറായിക്ക് കഞ്ഞി വെച്ചു കൊടുത്തുവെന്നും വിമർശിച്ചു.