നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു. അടൂർ സ്വദേശിനിയായ താരയാണ് വധു. ഇരുവരും അഞ്ചു വർഷത്തോളമായി പ്രണയത്തിലാണ്. ബിനീഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹ വാർത്ത ആരാധകരുമായി പങ്കുവച്ചത്.

‘ടീമേ… ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഃഖത്തിലും ,ആരോഗ്യത്തിലും അനാരോഗ്യത്തിലും , സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും, വിശ്വസ്തതയോടും കൂടി, ഏക മനസ്സോടെ ‘താര’ എന്നോടൊപ്പം ഉണ്ടാകും. എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും വേണം’, ബിനീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.


‘എന്റെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്റെ ചാനൽ കാണുന്ന എല്ലാവരുടെയും ആഗ്രഹമാണ്. 10 വർഷമായി എന്താ കല്യാണം കഴിക്കാത്തത് എന്ന് ആളുകൾ ചോദിക്കാൻ തുടങ്ങിയിട്ട്. അവർക്ക് വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു പരിപാടി നടത്തിയത്. വിവാഹ തീയതി തീരുമാനിച്ചിട്ടില്ല. 2026 ഫെബ്രുവരിയിലായിരിക്കും വിവാഹം’, ബിനീഷ് പറഞ്ഞു.























