ശോഭക്കെതിരെ പരാതി നൽകിയ ബിന്ദു പുറത്ത്, പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: പാലക്കാട് വോട്ടിന് പണം കൊടുത്തെന്ന ആരോപണങ്ങളുടെ തുടർച്ചയായി ശോഭ സുരേന്ദ്രൻറെ ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ടുകൊണ്ട് പരാതി നൽകിയ ബിന്ദു വിനയകുമാറിനെതിരെ സംഘടന നടപടിയെടുത്ത് ബി ജെ പി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിന്ദുവിനെ ബി ജെ പി സസ്പെൻഡ് ചെയ്തു. ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിം അംഗമായ ബിന്ദുവിനെതിരെ, തുടർച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണ് പാർട്ടിയുടെ വിശദീകരണം.

ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നടപടിയെടുത്തതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നേരത്തെ ശോഭ ഓഡിയോ പുറത്തുവിട്ടതിനൊപ്പം ഗുരുതര ആരോപണങ്ങളും ഉന്നയിച്ചാണ് ബിന്ദു പൊലീസിൽ പരാതി നൽകിയത്. അസഭ്യം വിളിച്ചെന്നും ‘കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി’യെന്നും ബിന്ദു വിനയകുമാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. പാലക്കാട് വോട്ടിന് നോട്ട് വിവാദത്തിലാണ് ബിന്ദുവും ശോഭയും തമ്മിൽ കോർത്തത്. പണമെത്തിച്ചത് ബിന്ദുവാണെന്ന് ആരോപിച്ചുകൊണ്ട് ശോഭ, ഭീഷണിപ്പെടുത്തുന്ന ഓഡിയോ ആണ് ഇവർ പുറത്തുവിട്ടത്. അസഭ്യം വിളിച്ചെന്നും ‘കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി’യെന്നും ബിന്ദു വിനയകുമാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. വോട്ടിന് പണം നൽകിയ സംഭവം തൻറെ തലയിലാക്കാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. ഫോൺ സംഭാഷണമടക്കമാണ് പരാതി നൽകിയത്.