ബോംബ് ഭീഷണിയിൽ പരിശോധന; പൊട്ടിയത് ‘തേനീച്ച ബോംബ്’, സബ് കളക്ടർക്കും കുത്തേറ്റു

തിരുവനന്തപുരം: കളക്‌ട്രേറ്റിൽ ബോംബ് ഭീഷണിയെ തുടർന്ന് പരിശോധനയ്ക്കിടെ തേനീച്ചകളുടെ ആക്രമണം. സബ് കലക്ടർ ആൽഫ്രഡ് ഒവിയ്ക്കും ഉദ്യോഗസ്ഥർക്കും തേനീച്ചയുടെ കുത്തേറ്റു.

ഇന്നലെ ഉച്ചയോടെയാണ് ഇ മെയിൽ വഴി കളക്‌ട്രേറ്റിൽ ബോംബ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് ഭീഷണിയെ തുടർന്ന് കളക്ടറേറ്റ് കെട്ടിടത്തിൽ പരിശോധന നടത്തുന്നതിനിടെയായിരുന്നു തേനീച്ചകളുടെ ആക്രമണം. പരിക്കേറ്റ കളക്ടർ അടക്കമുള്ളവർ ആശുപത്രിയിൽ ചികിത്സ തേടി. ഭീഷണി സന്ദേശം ലഭിച്ചതോടെ ജീവനക്കാർ വിവരം പൊലീസിനെയും ബോംബ് സ്‌ക്വാഡിനെയും അറിയിച്ചു. ഇവർ പരിശോധിക്കുന്നതിനിടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന തേനീച്ച കൂട് ഇളകുകയായിരുന്നു. ബോംബ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും തേനീച്ചയുടെ കുത്തേറ്റു.

പരിശോധന ആരംഭിച്ചതോടെ ജീവനക്കാർ മുഴുവൻ പുറത്തായിരുന്നു. ഇവർക്കിടയിലേക്ക് ആണ് തേനീച്ച കൂട് ഇളകി വീണത്. ഇതോടെ ജീവനക്കാക്കും തേനിച്ചയുടെ കുത്തേറ്റു. അവശനിലയിൽ ആയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.