ആഭരണങ്ങളുമായി വരനോടൊപ്പം വധുവിന്റെ അമ്മ ഒളിച്ചോടി

ലക്നൗ: ഉത്തർപ്രദേശിലെ അലിഗഡിൽ വിവാഹദിനത്തിനു മുൻപ് വധുവിന്റെ ആഭരണങ്ങളുമായി അമ്മ വരനോടൊപ്പം ഒളിച്ചോടിയതായി പരാതി. വിവാഹത്തിന് ഒൻപത് ദിവസം മുൻപാണ് ആഭരണങ്ങളും പണവും എടുത്തുകൊണ്ട് മകളുടെ പ്രതിശ്രുത വരനോടൊപ്പം യുവതി ഒളിച്ചോടിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. മകളുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന ആഭരണങ്ങളും പണവും യുവതി കൈക്കലാക്കിയിരുന്നു. സംഭവത്തിനു പിന്നാലെ കുടുംബം മദ്രക് പൊലീസിൽ പരാതി നൽകി.

വിവാഹ ഒരുക്കങ്ങൾ നടത്താനെന്ന വ്യാജേന വരൻ ഇടയ്ക്കിടെ വീട്ടിൽ സന്ദർശകനായിരുന്നുവെന്നാണ് വിവരം. ഇതിനിടെ വരൻ തന്റെ ഭാവി അമ്മായിയമ്മയ്ക്ക് ഒരു മൊബൈൽ ഫോൺ സമ്മാനമായി നൽകിയിരുന്നു. ഏപ്രിൽ 16 നാണ് വിവാഹം നിശ്ചയിച്ചിരുന്നത്, ക്ഷണക്കത്തുകൾ വിതരണം ചെയ്തിരുന്നു. എന്നാൽ, ഷോപ്പിങിനെന്ന വ്യാജേന വരനും വധുവിന്റെ അമ്മയും പണവും ആഭരണങ്ങളുമായി നാടുവിടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത മദ്രക് പൊലീസ് ഇരുവരുടെയും ഫോൺ ലൊക്കേഷനുകൾ ട്രാക്ക് ചെയ്തുകൊണ്ടുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.