ബന്ധത്തിൽ നിന്ന് പിന്മാറിയില്ല, കാമുകിയെ ക്രൂരമായി മർദ്ദിച്ചു, മരിച്ചെന്ന് കരുതി കുറ്റിക്കാട്ടിൽ തള്ളി; യുവാവ് അറസ്റ്റിൽ

കൊച്ചി: വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ മർദ്ദിക്കുകയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ കോതമംഗലം സ്വദേശി നിതിനെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ചെന്ന് കരുതി കൈകൾ കൂട്ടിക്കെട്ടി യുവതിയെ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ്. പട്ടിമറ്റം സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമാണ് യുവതി.

നിതിന്റെ വിവാഹം ഉറപ്പിച്ചതോടെ വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതേചൊല്ലി കഴിഞ്ഞ ശനിയാഴ്ച രാത്രി ഇവർ തമ്മിൽ കലഹമുണ്ടായി. കടുത്ത മർദ്ദത്തിനൊടുവിൽ യുവതി മരിച്ചെന്ന് കരുതി നിതിൻ, ഇവരുടെ കൈകൾ കൂട്ടിക്കെട്ടി കോതമംഗലം ന്യൂ ബൈപാസിൽ കോഴിപ്പിള്ളി ഭാഗത്തെ വിജനമായ കുറ്റിക്കാട്ടിൽ യുവതിയെ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പുലർച്ചെ ബോധം തിരിച്ചുകിട്ടിയ യുവതി ഇഴഞ്ഞുനീങ്ങി കോഴിപ്പിള്ളി ജംഗ്ഷനിൽ എത്തി നാട്ടുകാരെ വിവരം ധരിപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.