ബാങ്ക് കൊള്ള; ചാലക്കുടി സ്വദേശി അറസ്റ്റിൽ, കടം വീട്ടാനാണ് മോഷ്ടിച്ചതെന്ന് പ്രതി

തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളയടിച്ചയാള്‍ പിടിയിൽ. ചാലക്കുടി സ്വദേശിയായ റിജോ ആന്റണി ആണ് പിടിയിലായത്. ഇയാളിൽ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആ​ദ്യമൊഴി. കവർച്ച നടന്ന് മൂന്നാം ​ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.

കവർച്ച നടത്തിയതിൽ 15 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപ ചെലവഴിച്ചെന്ന് പ്രതി പറയുന്നു. ഈ പണം എന്തിന് വേണ്ടി ചെലവഴിച്ചുവെന്ന് പൊലീസ് അന്വേഷിക്കുന്നു. പിടിച്ചെടുത്ത പണം ബാങ്കിൽനിന്ന് നഷ്ടപ്പെട്ടത് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ചാലക്കുടിയുമായി അടുത്ത് പരിചയമുള്ള തദ്ദേശീയനാണ് പ്രതിയെന്ന വിവരം അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റിജോ പിടിയിലായത്. 

ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ ആയിരുന്നു മോഷണം. ക്യാഷ് കൗണ്ടറിൽ എത്തിയ മോഷ്ടാവ് കൗണ്ടർ പൊളിച്ച് പണം കവർന്നു. കൗണ്ടറിൽ 45 ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിലും 5 ലക്ഷം വീതമുള്ള 3 കെട്ടുകൾ ആണ് മോഷ്ടാവ് കവർന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം.