കൊട്ടികലാശത്തിലേക്ക് വയനാടും ചേലക്കരയും; അവസാന മണിക്കൂറുകളിൽ വാശിയേറിയ പ്രചാരണം

വയനാട്/തൃശൂർ: ഉപതെരഞ്ഞെടുപ്പിൻറെ പരസ്യപ്രചാരണം തീരാൻ മണിക്കൂറുകൾ മാത്രം. വയനാട്ടിലും ചേലക്കരയിലും വാശിയേറിയ പ്രചാരണം ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഇരു മണ്ഡലങ്ങളും കൊട്ടിക്കലാശത്തിന് ഒരുങ്ങുമ്പോൾ റോഡ് ഷോകളും ഗൃഹസന്ദർശനവുമൊക്കെയായി സ്ഥാനാർത്ഥികൾ എല്ലാം തന്നെ മുൻനിരയിലുണ്ട്. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധി റോഡ്ഷോയിൽ പങ്കെടുത്തു. പ്രിയങ്കയുടെ കൊട്ടിക്കലാശത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും. വൈകിട്ട് തിരുവമ്പാടിയിലെ കൊട്ടിക്കലാശത്തിലായിരിക്കും രാഹുൽ ഗാന്ധി പങ്കെടുക്കുക.

ഐലവ് വയനാട് എന്നെഴുതിയ ടീ ഷർട്ട് ധരിച്ചാണ് രാഹുൽ ഗാന്ധി ബത്തേരിയിലെ റോഡ് ഷോയിൽ പങ്കെടുത്തത്. റോഡ് ഷോയിൽ കോൺഗ്രസിൻറെയും ലീഗിൻറെയും മറ്റു യു‍ഡിഎഫ് ഘടകകക്ഷികളുടെയും പതാകകളുമായാണ് പ്രവർത്തകർ എത്തിയത്. നൂറുകണക്കിന് പ്രവർത്തകർ റോഡ്ഷോയിൽ പങ്കെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മോകേരിയും എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസും അവസാനവട്ട പ്രചാരണവുമായി മണ്ഡലത്തിൽ സജീവമാണ്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് കൽപ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്ഷോകളിൽ പങ്കെടുക്കും. സുൽത്താൻ ബത്തേരിയിലാണ് എൻഡിഎയുടെ കൊട്ടിക്കലാശം.

ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപിൻറെ റോഡ് ഷോയിൽ കെ രാധാകൃഷ്ണൻ എംപിയും പങ്കെടുത്തു. റോഡ് ഷോയും ഗൃഹസന്ദർശനവുമൊക്കെയായി സജീവമായ യുഡ‍ിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസും തികഞ്ഞ വിജയ പ്രതീക്ഷയാണ് പങ്കുവെച്ചത്.

ബിജെപിയും പ്രചാരണത്തിൽ ഇരുമുന്നണികൾക്കും ഒപ്പത്തിനൊപ്പം പിടിച്ചു. വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാർത്ഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷൻ കെ സുധാകരനും, യുആർ പ്രദീപിനായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിനും കൊട്ടിക്കലാശത്തിൽ അണിനിരക്കും.