വാളയാർ ആൾക്കൂട്ടക്കൊല; രാം നാരായണിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഛത്തീസ്ഗഡ് സർക്കാർ

ന്യൂഡൽഹി: പാലക്കാട് വാളയാറിൽ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ രാം നാരായണിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഛത്തീസ്ഗഡ് സർക്കാർ. രാം നാരായണിന്റെ കൊലപാതകം ദൗർഭാഗ്യകരവും മനുഷ്യത്വരഹിതവുമാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പറഞ്ഞു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികൾക്കുമെതിരെ കർശന നിയമനടപടി ഉറപ്പാക്കണമെന്ന് ഛത്തീസ്ഗഡ് സർക്കാർ ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം മനുഷ്യത്വരഹിതമായ സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഇക്കാര്യം കേരളാ സർക്കാരിനോട് ആവശ്യപ്പെട്ടതായും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

രാംനാരായണന്റെ മൃതദേഹം ഇന്ന് പുലർച്ചയോടെയാണ് ബന്ധുക്കൾ ഏറ്റുവാങ്ങിയത്. ഇന്ന് തന്നെ വിമാനമാർഗം മൃതദേഹം രാം നാരായണിന്റെ നാട്ടിലെത്തിക്കും. സർക്കാരാണ് യാത്രയുടെ ചെലവുകൾ വഹിക്കുന്നത്. രാംനാരായണന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ഇന്നലെ തീരുമാനമായിരുന്നു. മന്ത്രിസഭായോഗത്തിൽ വിഷയം ചർച്ച ചെയ്ത ശേഷം നഷ്ടപരിഹാരം കൈമാറും. കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.

കസ്റ്റഡി അപേക്ഷ അന്വേഷണസംഘം നാളെ സമർപ്പിക്കും. സംഭവത്തിൽ പ്രദേശവാസികളായ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം ആക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. എസ്‌ഐടി സംഘം അട്ടപ്പള്ളത്തെത്തി വീണ്ടും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തി. പ്രതികൾക്കായി തമിഴ്‌നാട്ടിലും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, വാളയാർ ആൾക്കൂട്ടകൊലയിൽ രണ്ടുപേർ കൂടി പിടിയിലായി. അട്ടപ്പളളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കേസിൽ നേരത്തെ അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനു, പ്രസാദ്, മുരളി, ആനന്ദൻ, ബിപിൻ എന്നിവരാണ് ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികൾ.