അയ്യപ്പ സംഗമത്തിന് തുടക്കം; മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും എത്തിയത് ഒരേ കാറിൽ

പത്തനംതിട്ട: ആ​ഗോള അയ്യപ്പസം​ഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തന്ത്രി അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ ദീപം തെളിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എത്തിയത് ഒരേ കാറിലായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ഔദ്യോഗിക വാഹനത്തിലാണ് വെള്ളാപ്പള്ളി പമ്പയിൽ എത്തിയത്. ദേവസ്വം മന്ത്രി വിഎൻ വാസവനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും മുഖ്യമന്ത്രിയെയും വെള്ളാപ്പള്ളിയെയും സ്വീകരിച്ചു.

ആഗോള അയ്യപ്പ സംഗമത്തിന് ശബരിമല തന്ത്രി ഭദ്രദീപം തെളിയിച്ചു. മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. തമിഴ്‌നാട്ടിൽനിന്നുള്ള മന്ത്രിമാരായ പി കെ ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നിവർക്കൊപ്പം കേരളത്തിലെ മന്ത്രിമാരും പങ്കെടുക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭക്തിഗാനാലാപനത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും.

റവന്യു(ദേവസ്വം) വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം സമീപനരേഖ അവതരിപ്പിക്കും. തുടർന്ന് സമാന്തര ചർച്ച. പകൽ 12 മുതൽ വിവിധ വേദികളിൽ ശബരിമല മാസ്റ്റർപ്ലാൻ, ആത്മീയ ടൂറിസം സർക്യൂട്ട്, ശബരിമലയിലെ ആൾക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്നീ വിഷയങ്ങളിൽ ഒരേസമയം ചർച്ചനടക്കും. പകൽ രണ്ടുമുതൽ വിജയ് യേശുദാസ് നയിക്കുന്ന സംഗീതപരിപാടി. 3.20ന് ചർച്ചകളുടെ സമാഹരണവും തുടർന്ന് പ്രധാനവേദിയിൽ സമാപനസമ്മേളനവും. ശേഷം പ്രതിനിധികൾക്ക് ശബരിമല ദർശനം ഒരുക്കിയിട്ടുണ്ട്.