സിന്ദൂറിലൂടെ മറുപടി, വിശദീകരിച്ച് വനിതാ കേണലും വിങ് കമാൻഡറും

ന്യൂഡൽഹി: ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിക്കൊണ്ട് മെയ് ഏഴിന് പുലർച്ചെ ഇന്ത്യൻ സൈന്യം നടത്തിയ നടപടി വിശദീകരിക്കാനെത്തിയത് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങുമായിരുന്നു. പോയി മോദിയോട് പറയൂ എന്നാണ് ഭീകരർ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം തങ്ങളോട് പറഞ്ഞതെന്ന് ഷിമോഗ സ്വദേശിയായ പല്ലവി പ്രതികരിച്ചിരുന്നു. പല്ലവിയെ പോലെ ഭർത്താവ് നഷ്ടപ്പെട്ടയാളാണ് ഹിമാൻഷി നർവാളും. വിവാഹിതയായി മധുവിധു പോലും കഴിയുന്നതിന് മുൻപേയാണ് പ്രിയതമൻ ഭീകരരുടെ തോക്കിൻ കുഴലിൽ മരിച്ചുവീണത്. ഹിമാൻഷിയെ പോലെ പ്രഗതി ജഗ്‌ദേൽ, അഷന്യ ദ്വിവേദി, സംഗീത ഗമ്പോതെ, പിന്നേയും നിരവധി പേർ..

വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഇന്ത്യ നടത്തിയ സുപ്രധാന നടപടി വിശദീകരിക്കാനെത്തിയ കേണൽ സോഫിയയും വിങ് കമാൻഡർ വ്യോമികയും ആരാണ്? എന്തുകൊണ്ടാണ് സേന ഇരുവരേയും ഈ ദൗത്യം ചുമതലപ്പെടുത്തിയത്?.ഒൻപത് ഭീകരത്താവളങ്ങളാണ് ഇന്ത്യ തകർത്തത്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി പാക്കിസ്ഥാൻ അതിർത്തിക്കപ്പുറം ഭീകരക്യാംപുകൾ നടത്തിവരികയാണെന്നും പാക്കിസ്ഥാനിലും പാക് അധീനകശ്മീരിലുമായി ഉണ്ടായിരുന്ന ഭീകര കേന്ദ്രങ്ങളും നശിപ്പിച്ചുവെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു.

ഇൻറലിജൻസ് നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിഴവില്ലാത്ത ആസൂത്രണം നടത്തിയാണ് ആക്രമണം നടത്തിയതെന്ന് വിങ് കമാൻഡർ വ്യോമിക സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഭീകരരുടെ പരിശീലന കേന്ദ്രങ്ങളും ക്യാംപുകളും സൈന്യം തകർത്തു. മുസഫറാബാദിലെ ലഷ്കർ ക്യാംപും തകർത്തുവെന്നും അവർ വ്യക്തമാക്കി. ഒരു കെട്ടിടം, കെട്ടിടങ്ങളുടെ സമുച്ചയം എന്നിങ്ങനെയാണ് തകർത്തത്. ഒരു സൈനിക കേന്ദ്രത്തിന് നേരെയും ആക്രമണം നടന്നിട്ടില്ലെന്നും സോഫിയ ഖുറേഷി വിശദീകരിച്ചു.

ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡർ ആണ് വ്യോമിക സിങ്. കുട്ടിക്കാലം മുതൽക്കേ തന്നെ സൈന്യത്തിലും വ്യോമസേനയിലും പ്രവർത്തിക്കാനുള്ള ആഗ്രഹം വ്യോമികയ്ക്കുണ്ടായിരുന്നു. എഞ്ചിനീയറിങ് പഠനത്തിന് ശേഷമാണ്‌ സേനയിൽ ചേരുന്നത്. 2019 ഡിസംബറിലാണ് ഹെലികോപ്ടർ പൈലറ്റായിക്കൊണ്ടുള്ള പെർമനന്റ് കമ്മീഷൻ വ്യോമികയ്ക്ക് ലഭിക്കുന്നത്. 2500 ഫ്‌ളയിങ് മണിക്കൂറുകളാണ് വ്യോമികയുടെ റെക്കോർഡിലുള്ളത്. ചേതക്, ചീറ്റ തുടങ്ങിയ ഹെലികോപ്ടറുകൾ പറത്തിക്കൊണ്ടുള്ള അനുഭവസമ്പത്ത് വ്യോമികയ്ക്കുണ്ട്.

സൈനിക പാരമ്പര്യമുള്ളയാളാണ് കേണൽ സോഫിയ ഖുറേഷി. മുത്തച്ഛന്റെ പാത പിന്തുടർന്നാണ് സോഫിയ സൈന്യത്തിലേക്കെത്തുന്നത്. ഇന്ത്യൻ ആർമിയുടെ കോർപ്‌സ് ഓഫ് സിഗ്‌നൽസിലെ ഓഫീസറായ കേണൽ സോഫിയ ഖുറേഷി നിരവധി നേട്ടങ്ങളിലൂടെ സൈനിക ചരിത്രത്തിൽ തന്റേതായ സ്ഥാനം നേടിയിട്ടുണ്ട്. 35 വയസ്സുള്ളപ്പോഴാണ് ആസിയാൻ പ്ലസ് മൾട്ടിനാഷണൽ ഫീൽഡ് ട്രെയിനിങ് എക്‌സർസൈസിൽ ഇന്ത്യൻ ട്രൂപ്പിനെ നയിക്കാനുള്ള ചുമതല സോഫിയയ്ക്ക് ലഭിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ മിലിട്ടറി ഡ്രില്ലായിരുന്നു ഇത്. പതിനെട്ട് കണ്ടിജെന്റുകൾ പങ്കെടുത്ത ഡ്രില്ലിലെ ഏക വനിതാ ഓഫീസറായിരുന്നു സോഫിയ. യു.എൻ പീസ് കീപ്പിങ് ഓപ്പറേഷനിൽ ആറ് വർഷത്തെ സർവീസ് പരിചയം സോഫിയ ഖുറേഷിക്കുണ്ട്. ഇൻഫന്ററി ബറ്റാലിയനിലെ ഓഫീസറെയാണ് സോഫിയ വിവാഹം ചെയ്തിരിക്കുന്നത്.