ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം: വാണിജ്യ എല്‍പിജി നിയന്ത്രണം നീക്കി

ന്യൂഡല്‍ഹി: വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിയന്ത്രണം നീക്കി. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് മാറും. നിയന്ത്രണം നീക്കിയത് റസ്റ്റോറന്റുകള്‍ക്ക് ആശ്വാസമാകും. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കി. പിഎന്‍ജി കണക്ഷന്‍ എടുത്തവര്‍ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധിയാണ് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കാരണമായത്. ആവശ്യത്തിന് സിലിണ്ടറുകള്‍ ലഭിക്കാതിരുന്നതും കടുത്ത വിലവര്‍ധനവും കാരണം കേരളത്തിലുള്‍പ്പെടെ ചെറുതും വലുതുമായ നിരവധി റെസ്റ്റോറന്റുകളും ഹോട്ടലുകളും പ്രതിസന്ധിയിലാവുകയും പലതും അടച്ചുപൂട്ടേണ്ടിവരികയും ഉള്‍പ്പെടെ ചെയ്തിരുന്നു.