കൽപ്പറ്റ: വയനാട്ടിൽ കോൺഗ്രസ് നിർമ്മിച്ച് നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് എംപിമാരായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ എത്തും. നാളെ ഉച്ചയ്ക്ക് കൽപ്പറ്റയിൽ നടക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി വീടുകളുടെ തറക്കല്ലിടും. പരിപാടിയിൽ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.

നാളെ രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ കണ്ണൂർ ജില്ലയിലെ പേരാവൂരിൽ നടക്കുന്ന കർഷക യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് പോകും. വയനാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപിയായ പ്രിയങ്ക രാവിലെ കലക്ടറേറ്റിൽ നടക്കുന്ന ദിശ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് ഉച്ചയ്ക്ക് 1:30 ന് കൽപ്പറ്റ എംപി ഓഫീസിൽ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനായുള്ള (ആർആർടി) നൂതന ഉപകരണങ്ങൾ കൈമാറും. വെള്ളിയാഴ്ച രാവിലെ കാളികാവ് സർവീസ് സഹകരണ ബാങ്കിന്റെ ലബോറട്ടറി ഉദ്ഘാടനവും ഉച്ചകഴിഞ്ഞ് കൈതപ്പൊയിൽ (തിരുവമ്പാടി) എംഇഎസ് സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പുതിയ ബ്ലോക്കിന്റെ തറക്കല്ലിടും. ചിപ്പിലിത്തോടിലെ നിർദ്ദിഷ്ട ചുരം ബൈപാസ് റോഡ് സ്ഥലവും പ്രിയങ്ക ഗാന്ധി സന്ദർശിക്കും.


തുടർന്ന് ബൈരക്കുപ്പ പാലം പദ്ധതി സ്ഥലം സന്ദർശിക്കുകയും ക്‌നാനായ കത്തോലിക്കാ പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുകയും കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളിയിലെ കൂമന്റെ വസതി സന്ദർശിക്കുകയും ചെയ്യും. ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് നിർമ്മിച്ച വീടുകളുടെ താക്കോൽ ദാന ചടങ്ങിലും പ്രിയങ്ക പങ്കെടുക്കും.























