ആലപ്പുഴ: മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിശ്വസ്തനായ കോൺഗ്രസ് നേതാവ് അഡ്വ കിഷോർ ബാബു ബിജെപിയിലേക്ക്. കോൺഗ്രസിൽ നിന്നും രാജിവെക്കുന്നതായി കിഷോർ ബാബു അറിയിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാജിക്കത്ത് നൽകി. കിഷോർ ബാബു രാജീവ് ചന്ദ്രശേഖറിൽ നിന്നും ബിജെപി അംഗത്വം സ്വീകരിക്കും. കോൺഗ്രസിന്റെ എല്ലാ ചുമതലകളിൽ നിന്നും രാജിവെക്കുന്നുവെന്ന് കിഷോർ ബാബു അറിയിച്ചു.

കെപിസിസി ഇൻഡസ്ട്രീസ് സെൽ ചെയർമാനായിരുന്നു അഡ്വ. കിഷോർ ബാബു. കഴിഞ്ഞദിവസം വരെ കോൺഗ്രസ് പരിപാടികളിൽ സജീവമായിരുന്ന കിഷോർ ബാബു അപ്രതീക്ഷിതമായാണ് പാർട്ടി വിട്ടത്. യൂത്ത് കോൺഗ്രസ്- കെഎസ്യു ആലപ്പുഴ ജില്ലാ നേതൃത്വത്തിൽ ഉണ്ടായിരുന്ന നേതാവാണ് അഡ്വ. കിഷോർ ബാബു. 2022ൽ കെ സുധാകരനാണ് ഇൻഡസ്ട്രിയൽ സെൽ ചെയർമാനായി നിയമിച്ചത്. കോൺഗ്രസ് പാർട്ടി വിടുന്നത് കെ സി വേണുഗോപാൽ കാരണമാണെന്നും, കഴിഞ്ഞ ആഴ്ച നടന്ന ഇൻഡസ്ട്രിയൽ കോൺക്ലേവിൽ വെച്ച് അപമാനിക്കപ്പെട്ടതായും അഡ്വ. കിഷോർ ബാബു പറഞ്ഞു.

























