‘സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനേറ്റ് ചെയ്ത അംഗങ്ങൾക്ക് വീഴ്ച പറ്റി’: ബിജെപിയിൽ എമ്പുരാനെതിരെ വിമര്‍ശനം

തിരുവനന്തപുരം: എംപുരാൻ സിനിമയുടെ സെൻസറിങ്ങിൽ സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനേറ്റ് ചെയ്ത അംഗങ്ങൾക്ക് വീഴ്ച പറ്റിയതായി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം. സിനിമയിലെ ചില പരാമർശങ്ങൾ മാറ്റാന്‍ സെൻസർ ബോർഡ് അംഗങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു വിമർശനം. ആർഎസ്എസ് നോമിനേറ്റ് ചെയ്തവർ ബോർഡിലില്ലെന്ന് മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ വിശദീകരിച്ചു. ആർഎസ്എസ് അംഗങ്ങൾ ബോർഡിലുണ്ടെങ്കിൽ നടപടി വേണമെന്ന ആവശ്യം ചിലർ യോഗത്തിൽ ഉയർത്തി. എംപുരാനെതിരെ പരസ്യ പ്രചാരണം വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ നിർദേശം.

തുടർന്ന് വാർത്താ സമ്മേളനത്തിൽ സിനിമ സിനിമയുടെ വഴിക്കു പോകും. ഒരു സിനിമയും ബിജെപിക്കു പ്രശ്‌നമല്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീറും സെക്രട്ടറി എസ്.സുരേഷും പറഞ്ഞു. എംപുരാന്‍ സിനിമ സംബന്ധിച്ച് പാര്‍ട്ടി ഭാരവാഹികള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അവർ പറഞ്ഞു. ബിജെപി കോർ കമ്മറ്റി യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. പതിവിനു വിപരീതമായി യോഗ ശേഷം കാര്യങ്ങള്‍ വിശദീകരിക്കാന്‍ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയില്ല. യോഗത്തിനുശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി.